
ചേർത്തല: കേരളത്തിൽ ഇപ്പോൾ ലഹരി ബോധത്തിൽ വർധിച്ചുവരുന്ന അതിക്രമങ്ങളെ തടയാൻ അധികൃതർ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. ഇതിനിടെ, പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനക്കെത്തിച്ച 30 പാക്കറ്റ് ഹാൻസ് ചേർത്തലയിൽ സ്വകാര്യ ബസിൽ നിന്ന് പിടികൂടി.
സ്വകാര്യ ബസ് ഡ്രൈവർ എഴുപുന്ന അനിൽനിവാസിൽ അനിൽകുമാർ (33), കണ്ടക്ടർ പട്ടണക്കാട് കണ്ടത്തിൽ ഹൗസിൽ പ്രേംജിത്ത് (38) എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പൊലീസുമായി ചേർന്ന് ഇന്ന് രാവിലെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ബസിനുള്ളിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. പരിശോധനയിൽ ബസിനുള്ളിൽ നിന്ന് വിദേശ മദ്യവും കണ്ടെത്തിയതായി യാത്രക്കാർ പരാതി ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറിന്റെ ഭാര്യയായ എഴുപുന്ന സ്വദേശി പ്രജിതയുടെ പേരിലാണ് ബസുള്ളത്. അറസ്റ്റിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിമർശനമുയർന്നിട്ടുണ്ട്. ചേർത്തല–എറണാകുളം റൂട്ടിൽ ഓടുന്ന എൻഎം ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പും അധികൃതരും പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കർശന നിരീക്ഷണം നടത്തുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽവേ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി പാഴ്സലുകളും ലഗേജുകളും റെയിൽവെ പോലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും. പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പൊലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധകള്‍ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്.
ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റയിൽവെ പൊലീസ് തയ്യാറാക്കി. ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലുള്ളവരുടെ മൊബൈൽ ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവെ എസ്.പി അരുണ്‍ ബി.കൃഷ്ണ അറിയിച്ചു. ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടി കര്‍ശനമാക്കിയതോടെ ട്രെയിനിൽ കടത്ത് കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയിരിക്കുന്നത്.
മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരെ അറസ്റ്റ് ചെയ്തു. ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും പരിശോധനയിൽ പിടിച്ചെടുത്തു. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.