ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് 30 പ്രതിപക്ഷ എം.പി.മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റ് സുരക്ഷാവീഴ്ചയെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെയാണ് എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അധിര്‍ രഞ്ജന്‍ ചൗധരിയുള്‍പ്പടെയുളള 30 പ്രതിപക്ഷ എംപിമാരെയാണ് തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.
30 പേര്‍ക്ക് പുറമേ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്ന് എം.പി.മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ, കേന്ദ്രസര്‍ക്കാര്‍ നയം ഏകാധിപത്യപരമാണെന്നും ബി.ജെ.പി. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെന്ന പോലെയാണ് അവര്‍ പാര്‍ലമെന്റിലും പെരുമാറുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ 13 എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് 30 എം.പിമാര്‍ക്കെതിരേ കൂടി നടപടി വരുന്നത്. ഇതോടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എം.പി.മാരുടെ എണ്ണം 46 ആയി. സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്തതിനാണ് ഇവരില്‍ 43 പേര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയത്.