ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ മുക്കും മൂലയും ബന്ധിപ്പിക്കുന്ന റോഡ് സംവിധാനം പോലെ തന്നെ ശക്തമാണ് റെയിൽ ശൃംഖലയും. 68,103 കിലോമീറ്റർ ആണ് ഇന്ത്യയുടെ മൊത്തം റെയിൽ ശൃംഖല. കിലോമീറ്ററിന് 13 പേർ എന്ന കണക്കിലാണ് നിലവിൽ റെയിൽവെയിൽ ജീവനക്കാരുള്ളത്. അതിൽ സ്ഥിരം ജീവനക്കാർ 12,52,347 വരും. 2022 ൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി അനുസരിച്ച് 3,06,335 ജീവനക്കാരുടെ കുറവുണ്ട്.
നോൺ ഗസറ്റഡ് വിഭാഗത്തിൽ മാത്രം 3,03,862 പേരുടെ ഒഴിവാണ് നികത്താനുള്ളത്. 2473 പേരെ ഗസറ്റഡ് വിഭാഗത്തിലും നിയമിക്കേണ്ടതുണ്ട്. എന്നാൽ നഷ്ടക്കണക്ക് പറഞ്ഞ് ചെലവ് ചുരുക്കുകയാണ് റെയിൽവെ. ഒഴിവുകൾ നികത്താത്തത് മാത്രമല്ല, മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് ഇളവ് ഉൾപ്പടെ പിൻവലിച്ചു.
പകരം ഫ്ലെക്സി നിരക്ക് നടപ്പാക്കി. 53 വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന ഇളവ് 4 വിഭാഗങ്ങൾക്ക് മാത്രമാക്കി ചുരുക്കി. പ്രീമിയം തത്ക്കാൽ ടിക്കറ്റുകൾക്ക് മൂന്നിരട്ടി വരെ വിലയാക്കി. ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരികെ നൽകുകയുമില്ല. ഇതിലൂടെ 17851 കോടിയുടെ അധിക വരുമാനം റെയിൽവേയ്ക്ക് ഉണ്ടായെന്നാണ് അനുമാനം.
ഒഡിഷ ട്രെയിൻ അപകടം നടന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനും റെയിൽവെ മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നൊന്നായി വിമർശനം കടുപ്പിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കം നിരവധി പാർട്ടികൾ മോദി സർക്കാരിനെതിരെ രംഗത്ത് വന്നു. എന്നാൽ രക്ഷാപ്രവർത്തനം കഴിയട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്.
ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെതിരെ പാർട്ടി നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതേസമയം ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും തന്റെ ശ്രദ്ധ ഈ പ്രശ്നം പരിഹരിക്കുന്നതിലുമാണെന്ന് തിരിച്ചടിക്കുകയാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.