ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തില്‍ 29 കാരന്‍ ജീവനൊടുക്കി. തമിഴ്നാട് കോയമ്പത്തൂര്‍ സെന്നനൂര്‍ ഗ്രാമത്തില്‍ എന്‍ ഗോവിന്ദരാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ വീട്ടുകാരാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് ഗോവിന്ദരാജിന്റെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്‍പില്‍ പ്രതിഷേധിച്ചു. ഭാര്യ വീട്ടുകാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഗോവിന്ദരാജിനെ കണ്ടെത്തിയത്. അയല്‍വാസിയുടെ മകള്‍ മഞ്ജുള ദേവിയുമായി തന്റെ മകന്‍ ഇഷ്ടത്തിലായിരുന്നുവെന്ന് ഗോവിന്ദരാജിന്റെ അമ്മ പരാതിയില്‍ പറയുന്നു. എന്നാല്‍ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ ഇതിന് എതിരായിരുന്നു. സെപ്റ്റംബര്‍ ആറിന് 20കാരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഇതില്‍ കുപിതരായ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വന്നതായി ഗോവിന്ദരാജിന്റെ അമ്മ പറയുന്നു. കുടുംബവഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗോവിന്ദരാജിന്റെ അമ്മയായ കാഞ്ചന പോലീസ് സ്റ്റേഷനെ സമീപിച്ചു. ഇരു കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
അന്വേഷണത്തിനിടെ, മഞ്ജുള ദേവി വീട്ടുകാരോട് ഒപ്പം പോകാന്‍ തീരുമാനിച്ചു. താലി അഴിച്ച് ഗോവിന്ദരാജിനെ ഏല്‍പ്പിച്ചതായും കാഞ്ചനയുടെ പരാതിയില്‍ പറയുന്നു. അതിനിടെ മഞ്ജുള ദേവിയുടെ അച്ഛന്‍ ഗോവിന്ദരാജിനെ അസഭ്യം പറഞ്ഞു. ഈ മനോവിഷമത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് കാഞ്ചന പരാതിയില്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തിരികെ നല്‍കിയ മൃതദേഹം വാങ്ങാന്‍ ഗോവിന്ദരാജിന്റെ വീട്ടുകാര്‍ തയ്യാറായില്ല. മഞ്ജുള ദേവിയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്‍പില്‍ ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തി.