ഗാന്ധിനഗര്‍:28 വര്‍ഷങ്ങള്‍ക്കു ശേഷം സഹോദരന്‍ കുല്‍ദീപ് യാദവിനെ കാണുമ്പോള്‍, രേഖയ്ക്ക് അയാളെ തിരിച്ചറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പാക്കിസ്താന്‍ തടവറയില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ അയാളെ അത്രയ്ക്ക് മാറ്റിയിട്ടുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് അടുപ്പിച്ച് ജയിലില്‍ കഴിഞ്ഞശേഷം ഗുജറാത്തിലെ ചാന്ദ്‌ഖേദയിലുള്ള വീട്ടിലെത്തിയ കുല്‍ദീപും സഹോദരി രേഖ അടക്കമുള്ള ഉറ്റവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. എങ്കിലും, ശത്രുരാജ്യത്തെ തടവറയില്‍നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസം ചെറുതൊന്നുമായിരുന്നില്ല അയാളുടെ മുഖത്ത്.
28 വര്‍ഷങ്ങള്‍. ജീവിതത്തിലെ വിലപ്പെട്ട ഈ കാലയളവാണ് കുല്‍ദീപ് യാദവ് പാക്കിസ്താന്‍ ജയിലില്‍ കഴിഞ്ഞത്. പാക്കിസ്താനില്‍ ജോലി ചെയ്തു മടങ്ങുന്നതിനു തൊട്ടുമുമ്പായി പാക് പൊലീസിന്റെ പിടിയിലായ കുല്‍ദീപിനെ ചാരവൃത്തി, അട്ടിമറിക്കേസുകളില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. നീണ്ട കാലം പാക്കിസ്താനിലെ കോട് ലഖ്പത് ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് യാദവ് ഇക്കഴിഞ്ഞ ദിവസമാണ് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത്. പാക്കിസ്താന്‍ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് കുല്‍ദീപ് ഇന്ത്യയിലേക്ക് മടങ്ങി വന്നത്.
ഗുജറാത്തിലെ ചന്ദ്‌ഖേദ സ്വദേശിയായ കുല്‍ദീപ് 28 വര്‍ഷം മുമ്പാണ് പാക്കിസ്താനില്‍ ജോലി തേടിപ്പോയത്. അന്നയാള്‍ക്ക് 31 വയസ്സായിരുന്നു. അവിടെ രണ്ട് വര്‍ഷം ജോലി ചെയ്ത് നാട്ടിലേക്കു വരാന്‍ ഒരുങ്ങുമ്പോഴാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കുല്‍ദീപ് യാദവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, പാക്ക് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. രണ്ടര വര്‍ഷത്തോളം വിവിധ പാക് അന്വേഷണ ഏജന്‍സികള്‍ നിരന്തരമായി ചോദ്യം ചെയ്തു കൊണ്ടിരുന്നു. തുടര്‍ന്ന് ലാഹോറിലെ കോടതി കുല്‍ദീപിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
നീണ്ട 28 വര്‍ഷങ്ങള്‍ ജയിലഴിക്കുള്ളിലായിരുന്നു കുല്‍ദീപ്. 2023 വരെ അയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എങ്കിലും സഹോദരി രേഖ എല്ലാ വര്‍ഷവും അയാള്‍ക്ക് രക്ഷാബന്ധന്‍ സമ്മാനമായി അയച്ചുകൊണ്ടിരുന്നു. ജയിലില്‍ വെച്ച് പാക് തടവുകാരാല്‍ കൊല്ലപ്പെട്ട സരബ്ജിത് സിംഗുമായി ജയിലിലുള്ളപ്പോള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കുല്‍ദീപ് ഗുജറാത്തിലെ വീട്ടില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. വ്യത്യസ്ത സെല്ലുകളില്‍ ആയിരുന്നുവെങ്കിലും ഇടയ്‌ക്കൊക്കെ തമ്മില്‍ കാണാനും മിണ്ടാനും കഴിയുമായിരുന്നു.”-അദ്ദേഹം പറഞ്ഞു.
ഭീകരവാദ, ചാരവൃത്തി കേസുകളില്‍ ജയിലിലായ ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് 2013-ലാണ് പാക് ജയിലില്‍ കൊല്ലപ്പെടുന്നത്. 1990 -ലെ ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ കോടതി സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തുന്നതിനിടെയാണ് അദ്ദേഹം ജയിലില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. സരബ്ജിത്തിന് ജയിലില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ അമീര്‍ തണ്ട്ബ, മുദാസിര്‍, മുനീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതിനാല്‍ ലാഹോര്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
സരബ്ജിത് സിംഗിന്റെ മരണത്തിനു മുമ്പു വരെ പാക് തടവുകാര്‍ക്കൊപ്പമാണ് തങ്ങളെ ജയിലിലടച്ചിരുന്നതെന്ന് കുല്‍ദീപ് പറഞ്ഞു. സരബ്ജിത് സിംഗിന്റെ മരണത്തിനു ശേഷം ആ പതിവ് നിര്‍ത്തലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പാക് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ദീപിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. എന്നാല്‍, ഇതത്ര എളുപ്പമായിരുന്നില്ല. കോടതി ഉത്തരവുണ്ടായിട്ടും മോചനം അനന്തമായി നീണ്ടു. തുടര്‍ന്ന്, ഇന്ത്യ ഇടപെടുകയും പാക്കിസ്താന്‍ സര്‍ക്കാറിനോടും പാക് ജനതയോടും തന്റെ മോചനത്തിനായി കുല്‍ദീപ് ആവശ്യപ്പെടുകയും ചെയ്തശേഷമാണ് മോചനം. പാക് ജയിലില്‍നിന്നും വിട്ടയച്ച് വാഗാ അതിര്‍ത്തിയിലെത്തിയ കുല്‍ദീപിനെ ഇവിടെവെച്ച് ഇന്ത്യന്‍ സൈന്യം ഏറ്റുവാങ്ങുകയായിരുന്നു. 31 വയസ്സുള്ളപ്പോള്‍ പാക് ജയിലിലായ കുല്‍ദീപിനിപ്പോള്‍ 59 വയസ്സുണ്ട്.