ന്യൂഡല്‍ഹി:കാബൂള്‍ വിമാനത്താവളം അടച്ചതിനാല്‍ അഫ്ഗാനിലുള്ള ബാക്കി ഇന്ത്യന്‍ പൗരന്മാരെ എപ്പോള്‍ തിരികെയെത്തിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവളം തുറന്നാല്‍ മാത്രമേ രക്ഷാദൗത്യം പുനരാരംഭിക്കാനാകൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യവിവരം കേന്ദ്രത്തിന്റെ പക്കലില്ല. ഭൂരിഭാഗം പേരെയും ഇന്ത്യയിലെത്തിച്ചുവെന്നാണു നിഗമനം. ഇതേസമയം, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വൃത്തങ്ങള്‍ പറഞ്ഞു.
കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നാണു സൂചന. താലിബാന്‍ ജയില്‍മോചിതരാക്കിയവരില്‍ ഇവരുമുണ്ടെന്നാണ് നിഗമനം. പാക്കിസ്ഥാന്‍ വഴി കടല്‍മാര്‍ഗം സംഘം ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് എന്‍ഐഎ നിര്‍ദേശം നല്‍കി.
ഇറാനിലെ ഭരണനേതൃത്വത്തിന്റെ മാതൃകയില്‍ ഇന്നോ നാളെയോ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നു. സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുന്‍സാദയാവും അഫ്ഗാനിസ്ഥാന്റെ പരമോന്നത അധികാരകേന്ദ്രം. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭാ ചര്‍ച്ചകളും പൂര്‍ത്തിയായെന്നു താലിബാന്‍ വക്താവ് അറിയിച്ചു.
അഫ്ഗാനിലെ സൈനിക നടപടികള്‍ അമേരിക്ക രാജ്യം വിട്ടതോടെ പുതിയ സര്‍ക്കാര്‍ രൂപത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി താലിബാന്‍.ഇറാന്‍ മാതൃകയിലുള്ള ഭരണകൂടത്തിനാണ് താലിബാന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഇറാനില്‍ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സര്‍ക്കാരിന്റെയും തലവന്മാരെ നിയമിക്കുന്ന പരമോന്നത നേതാവാണു രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളില്‍ അവസാന വാക്ക്. ഇതേ മാതൃകയിലായിരിക്കും മുല്ലാ ഹിബത്തുല്ല അഖുന്‍സാദ (60) പരമോന്നത നേതാവായി സ്ഥാനമേല്‍ക്കുക. അഫ്ഗാന്‍ പ്രസിഡന്റും മന്ത്രിസഭയും അദ്ദേഹത്തിനു കീഴിലായിരിക്കും.
സ്ത്രീകളും വിവിധ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികളും പുതിയ സര്‍ക്കാരിലുണ്ടാകുമെന്നു താലിബാന്‍ ദോഹ ഓഫിസ് ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു. ഇന്ത്യ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി നല്ല ബന്ധമാണു താലിബാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, യുഎസ് സേനാത്താവളമായിരുന്ന അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളം ചൈന ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്നിലെ യുഎസിന്റെ മുന്‍ പ്രതിനിധി നിക്കി ഹേലി പറഞ്ഞു. പാക്കിസ്ഥാനെ ഉപയോഗിച്ച് ചൈന ഇന്ത്യയ്‌ക്കെതിരെ നീങ്ങുമെന്നും ട്രംപ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന അവര്‍ പറഞ്ഞു.
യുഎസ് സേനാ പിന്മാറ്റത്തോടെ അടച്ചിട്ട കാബൂള്‍ വിമാനത്താവളം 48 മണിക്കൂറിനകം തുറക്കുമെന്നാണു സൂചന. ആഭ്യന്തര വിമാനസര്‍വീസുകള്‍ നാളെ ആരംഭിക്കുമെന്നു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത തയ് ക്വാന്‍ഡോ താരമായ സാകിയ ഖുദാദാദി (22) ഇന്നലെ ടോക്കിയോയില്‍ പാരാലിംപിക് ഗെയിംസില്‍ പങ്കെടുത്തു. 2004ല്‍ എതന്‍സ് പാരാംലിപ്കിനുശേഷം അഫ്ഗാനെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയാണ്. താലിബാന്‍ അധികാരമേറ്റതോടെ അഫ്ഗാനില്‍ കുടുങ്ങിയ പാരാലിംപിക് താരങ്ങളായ സാകിയയെും ഹുസൈന്‍ റസൗലിയെയും രഹസ്യമായാണ് പുറത്തെത്തിച്ചത്.