കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് പള്ളിയില്‍ ആദ്യകുര്‍ബ്ബാന ചടങ്ങ് നടത്തിയ സംഭവത്തില്‍ വൈദികനും പള്ളി അധികൃതരുമടക്കം 24 പേര്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിലെ വൈദികനായ ഫാ.ജോര്‍ജ്ജ് പാലാമറ്റം,പള്ളി ഭാരവാഹികള്‍ ഉള്‍പ്പെടെ 24 പേരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റു ചെയ്തത്.
അതേസമയം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. നാട്ടുകാരാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ചടങ്ങു നടക്കുന്നതായി പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന. തുടര്‍ന്ന് പോലീസ് പള്ളയില്‍ എത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പള്ളിയില്‍ ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്. കൊറോണ രോഗവ്യാപനം രൂക്ഷമായിരുന്ന എറണാകുളം ജില്ലയില്‍ ഇപ്പോള്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം ഉയരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്.