
റായ്പൂർ: ഛത്തീസ്‌ഗഡിൽ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. രാവിലെ 7 മണിയോടെയാണ് ബിജാപൂരിൽ വെടിവയ്പ്പ് ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. വീരമൃത്യുവരിച്ച ജവാനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവും മാവോയിസ്റ്റുകളൂം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. 18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ, ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു. കാങ്കറിൽ കൊറോസ്കോഡോ ഗ്രാമത്തിന് സമീപം നടന്ന വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടു കൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. മാവോവാദി നേതാക്കള്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡി ചലപതിയെ ജനുവരിയിൽ സുരക്ഷാ സേന വധിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 200ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളിൽ 217 പേരും ബസ്തർ, ദന്തേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്മ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നിന്നുള്ളവരായിരുന്നു.