ഒരു ആംബുലന്‍സില്‍ ഒന്നിന് മുകളില്‍ ഒന്നായി കുത്തിനിറച്ച് 22 മൃതദേഹങ്ങള്‍; ഹൃദയഭേദകമായ കാഴ്ച
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മരണസംഖ്യയും കൂടുതല്‍ അവിടെ തന്നെയാണ്. മരണസംഖ്യ കൂടിയതോടെ മൃതദേഹങ്ങളോട് പോലും ആദരവ് കാണിക്കാന്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ആംബുലന്‍സുകളുടെ അഭാവം മൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ച് ഒരുമിച്ച് കൊണ്ട് പോകുന്ന കാഴ്ച ആരെയും നടക്കുന്നതാണ്.
ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമണന്ദ് തീര്‍ത്ത് മറാത്ത്വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ഒരു ആംബുലന്‍സില്‍ കുത്തിനിറച്ച് സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. അവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ ഉള്ളിടത്ത് ഇപ്പോള്‍ രണ്ട് എണ്ണം മാത്രമെയുള്ളുവെന്നും അധികൃതര്‍ പറയുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ ആംബുലന്‍സുകള്‍ ലഭിക്കാതെ വന്നതോടെയാണ് കിട്ടിയ ആംബുലന്‍സില്‍ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കാന്‍ കൊണ്ടുപോയതെന്നാണ് സൂചന.