
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21കാരി അറസ്റ്റിൽ. തായ്‍ലൻഡ് വനിതയെയാണ് കൊക്കെയ്നുമായി അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആർഐ) യുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് 21കാരി കുടുങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എത്യോപിയയിലെ അഡ്ഡിസ് അബാബയിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.
യുവതിയെ ആദ്യം പരിശോധിച്ചപ്പോൾ ഒന്നും ലഭിച്ചില്ല. എന്നാൽ ട്രോളി ബാഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വെളുത്ത പൊടി പോലുള്ള പദാർത്ഥം അടങ്ങിയ ഒന്നിലധികം പാക്കറ്റുകൾ കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഈ പദാർഥം കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ചു, അന്താരാഷ്ട്ര വിപണിയിൽ 40 കോടിയോളം മൂല്യം കണക്കാക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന് വിവരം നേരത്തെ തന്നെ തങ്ങൾക്ക് ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അന്വേഷണം നടത്തിയതെന്നും ഡിആർഐ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.