KeralaNews

രണ്ടു വയസുകാരിയുടെ കരച്ചിലിന് മുന്നില്‍ ലോക്ക് ഡൗണ്‍ വിലക്കുകള്‍ വഴിമാറി! തലശേരിയില്‍ നിന്ന് ചാവക്കാട്ടേക്ക് വഴിയൊരുക്കിയത് പോലീസ്

തലശേരി: അമ്മയെ കാണാനുള്ള രണ്ടു വയസുകാരിയുടെ ശാഠ്യത്തിനു മുന്നില്‍ വഴിമാറി ലോക്ക്ഡൗണ്‍ വിലക്കുകള്‍. സര്‍ക്കാര്‍ വിലക്കിന് അപ്പുറം മനുഷ്യസ്നേഹത്തിന് വിലകല്‍പ്പിച്ച പോലീസുകാരുടെ സഹായത്തോടെ തലശ്ശേരിയില്‍ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് പിതാവ് കുട്ടിയെ എത്തിച്ചു. ചാവക്കാട് പേരകം തയ്യില്‍ സുബീഷിന്റെയും നീതുവിന്റെയും മകളായ സാഷിയാണ് കഥയിലെ നായിക.

പാലക്കാട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയാണ് നീതു. ഇവരുടെ വീട് തലശ്ശേരി തിരുവങ്ങാട്ടാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ പുഷ്പലത പേരകത്തെ വീട്ടില്‍ നിന്ന് കുട്ടിയെ കൂട്ടികൊണ്ട് പോയി. പാലക്കാട്ടു നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു പരിപാടി. പക്ഷെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം അതു നടന്നില്ല. ഒരാഴ്ച കുട്ടി അമ്മൂമ്മയോടൊപ്പം കഴിഞ്ഞു.

പിന്നീട് അമ്മയെ കാണണമെന്നു പറഞ്ഞ് കരച്ചിലായി. ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ കുഞ്ഞ് കരഞ്ഞു തളര്‍ന്നു. പിന്നീട് ഭക്ഷണം കഴിക്കാതെയായി. ലോക്ക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ പ്രശ്നം രൂക്ഷമായി. ഇങ്ങനെയിരിക്കെയാണ് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ സമീപിക്കുന്നത്. അദ്ദേഹം കുട്ടിയുടെ അച്ഛന്‍ സുബീഷിന് കത്തു നല്‍കി.

‘രണ്ടു വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ അച്ഛന് യാത്രാനുമതി നല്‍കണം എന്നായിരുന്നു’ കത്തിലെഴുതിയിരുന്നത്. വെള്ളിയാഴ്ച സുബീഷ് കത്തുമായി കാറില്‍ യാത്ര തിരിച്ചു. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയില്‍ നിരവധി തവണ പോലീസ് കാറ് തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചു. അതോടെ പോലീസ് ഉദ്യോസ്ഥര്‍ യാത്രാനുമതി നല്‍കി.

വെള്ളിയാഴ്ച തന്നെ കുട്ടിയെ പേരകത്തെ വീട്ടിലെത്തിച്ചു. രാത്രി 9.45നാണ് കുട്ടി വീട്ടിലെത്തിയത്. ഇതോടെ അമ്മയെ കാണാനുള്ള രണ്ടു വയസ്സുകാരിയുടെ ആഗ്രഹം സഫലമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button