പോര്‍ഷെ കാർ അപകടക്കേസ്:17കാരന്റെ രക്ത സാമ്പിൾ മാറ്റിയ ഫോറൻസിക് ലാബ് തലവനടക്കം 2 ഡോക്ടർമാർ അറസ്റ്റിൽ
പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എഞ്ചിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയായ കൗമാരക്കാരന് അനുകൂലമായി വ്യാജ റിപ്പോർട്ട് നൽകിയ രണ്ടു ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. സാസൂൺ ആസ്പത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹർനോർ എന്നിവരേയാണ് പൂണെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പൂണെയിലെ സംസ്ഥാന സർക്കാറിന്റെ പരിധിയിലുള്ള ആസ്പത്രിയിലെ ഫൊറൻസിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. സംഭവദിവസം പ്രതിയുടെ പിതാവും തവാഡെയും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. പ്രതിക്ക് അനുകൂലമായ രക്തസാമ്പിൾ പരിശോധനാ ഫലം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രണ്ടു ഡോക്ടർമാരുടേയും ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പൂണെ അപകടത്തിന് കാരണമായ വാഹനം ഓടിച്ച 17-കാരൻ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആൽക്കഹോൾ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്നും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രതിക്കെതിരേയായിരുന്നു. ബാറിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽ രാത്രിയിൽ 17-കാരനായ പ്രതി മദ്യപിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
സംഭവത്തിൽ 17-കാരനായ പ്രതിയുടെ മുത്തച്ഛനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ഡ്രൈവറെ കുറ്റം ഏൽക്കാൻ വേണ്ടി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു പ്രതിയുടെ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്.
അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായാണ് പുണെ പോലീസ് വ്യക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ കുടുംബം ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.