ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗർ ശിവകാശി തിരുത്തംഗലിലെ കണ്ണഗി കോളനിയിലുള്ള 19കാരൻ എം.വീരമാണിക്യവും നാട്ടുകാരിയായ 14 കാരിയും ഒരു വർഷം മുൻപാണ് പ്രണയത്തിലായത്.
സത്തൂർ സർക്കാർ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു വീരമാണിക്യം. ഇരുവർക്കുമിടയിലെ അടുപ്പം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ ക്ഷുഭിതരായി. കുട്ടിയുടെ ബന്ധുവായ 17കാരൻ പലവട്ടം വീരമാണിക്യവുമായി വാക്കേറ്റത്തിലേർപ്പെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വീരമാണിക്യത്തെ ഫോണിൽ വിളിച്ച പ്രതി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി സമീപത്തുള്ള മൃഗാശുപത്രിയുടെ പരിസരത്തേക്ക് എത്താൻ ആവശ്യപ്പെട്ടു.
രാത്രി സ്ഥലത്തെത്തിയ വീരമാണിക്യത്തെ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് 17 കാരൻ കുത്തിവീഴ്ത്തി. നെഞ്ചിലും വയറിലും സാരമായി കുത്തേറ്റ വീരമാണിക്യത്തെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.