കൊച്ചി: കഴുത്തില്‍ മുഴയുമായി ആശുപത്രിയില്‍ എത്തിയ പതിനേഴുകാരി ഗര്‍ഭിണി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്കിയ പരാതിയില്‍ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിമുകള്‍ പുളിയാമ്പിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ വച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. പീഡനവിവരം കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ നാലുവര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ മാതാവ് ഭാര്യയെ ഉപേക്ഷിച്ചെത്തിയ ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടില്‍ ഒപ്പം താമസിക്കുകയുമായിരുന്നു.
അതേസമയം, ഇരുവരും നിയമപ്രകാരം വിവാഹിതരായിട്ടില്ല. മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു മുഴ ഉണ്ടാകുന്നത്. കണയന്നൂരിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന് അറിയിച്ചു. ശസ്ത്രക്രിയക്കായി മെയ് 10 ന് മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും നിര്‍ദ്ദേശിച്ചു.
ആശുപത്രിയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്കാന്‍ ചെയ്തപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം സെന്‍ട്രല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ കഴിയുന്ന അമ്മയുടെ കാമുകന് പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍ സംഭവമറിഞ്ഞ പ്രതി ഒളിവില്‍ പോയി. പുത്തന്‍ കുരിശ് ഡി.വൈ.എസ്പി അജയ്നാഥിന്റെ നേതൃത്വത്തില്‍ ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ ജി.സന്തോഷ്കുമാറും സംഘവും കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.