NationalNews

2021ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 1,53,972, ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്

ന്യൂഡല്‍ഹി: 2021 വര്‍ഷത്തില്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 1,53,972 പേരാണ് 2021ല്‍ റോഡ് അപകടങ്ങളില്‍പ്പെട്ട ജീവന്‍ നഷ്ടപ്പെട്ടവരെന്നാണ് കണക്കുകള്‍. 4,12,432 റോഡപകടങ്ങളാണ് രാജ്യത്തുണ്ടായത്. അതില്‍ 3,84,448 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത, ഗതാഗത വകുപ്പാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2021ല്‍ രാജ്യത്തെ റോഡ് അപകടങ്ങളുടെ എണ്ണം 12.6 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മരണ നിരക്ക് 16.9 ശതമാനവും പരിക്കേറ്റവരുടെ എണ്ണം 10.39 ശതമാനവും ആ വര്‍ഷം ഉയര്‍ന്നു. ആകെ സംഭവിച്ച റോഡപകടങ്ങളില്‍ 1,28,825 എണ്ണവും സംഭവിച്ചത് എക്‌സ്പ്രസ് ഹൈവേ അടക്കമുളള ദേശീയ പാതകളിലാണ്. 96,382 അപകടങ്ങള്‍ സംസ്ഥാന പാതകളിലും 1,87,225 അപകടങ്ങള്‍ മറ്റ് റോഡുകളിലും നടന്നിട്ടുണ്ട്. ഇന്ത്യയിലെ വാഹനാപകടങ്ങള്‍-2021 എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ കേന്ദ്ര ഗതാഗത വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

56,007 പേരാണ് ദേശീയ പാതകളിലുണ്ടായ വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. സംസ്ഥാന പാതകളിലുണ്ടായ അപകടങ്ങളില്‍ 37,963 പേരും മറ്റ് റോഡുകളിലെ അപകടങ്ങളില്‍ 60,002 പേരും 2021ല്‍ മരണപ്പെട്ടിട്ടുണ്ട്. റോഡില്‍ ജീവന്‍ പൊലിഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ 18നും 45നും ഇടയില്‍ പ്രായമുളളവരാണ്. 2021ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ മരണപ്പെട്ടവരില്‍ 67 ശതമാനം പേരും ഈ പ്രായപരിധിക്കുളളില്‍ വരുന്നവരാണ്.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പോലീസ് വകുപ്പുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചുളളതാണ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അമിത വേഗത കാരണം 2021ല്‍ 1,07,236 പേരാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചത് കാരണം 3,314 പേരുടെ മരണം സംഭവിച്ചത് മദ്യപിച്ച് വാഹനമോടിച്ചത് കാരണമാണ്. അശ്രദ്ധമായി വാഹനം ഓടിച്ചത് മൂലം 8122 പേരും ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് വാഹനമോടിച്ചത് കാരണം 679 പേരും 2021ല്‍ മരണപ്പെട്ടിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് കാരണം 2982 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മറ്റ് പല കാരണങ്ങള്‍ കൊണ്ടും വാഹനാപകടത്തില്‍ 31,639 പേര്‍ക്കും ജീവന്‍ നഷ്ടമായി.

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തത് കാരണം 32,877 ഡ്രൈവര്‍മാര്‍ക്കും യാത്രക്കാരായിരുന്ന 13716 പേര്‍ക്കും മരണം സംഭവിച്ചു. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കാരണം മരണപ്പെട്ടിട്ടുളളതാകട്ടെ 8438 ഡ്രൈവര്‍മാരും 7959 യാത്രക്കാരുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് സംഭവിക്കുന്ന പത്ത് റോഡപകട മരണങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button