കൊച്ചി:ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നടിയാണ് ശ്രുതി രജനികാന്ത്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയം ആരംഭിച്ചത്. പിന്നീടാണ് ചക്കപ്പഴത്തിലെത്തുന്നത്. അതോടെ മലയാളികളുടെ പ്രിയങ്കരിയായ പൈങ്കിളി എന്ന കഥാപാത്രമായി മാറി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛന്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും ശ്രുതി സംസാരിക്കുകയാണ്. എലോക്കന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
“നാലാം ക്ലാസ് വരെയാണ് തുടര്‍ച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്കെടുത്തു. പക്ഷെ അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോള്‍ എല്ലാവരോടും നടിയാണെന്ന് പറയുമായിരുന്നു. വലുതായ ശേഷം കുറേ ഓഡിഷനുകള്‍ക്ക് പോയി. 100-150 കഴിഞ്ഞിട്ടും നടക്കാതെ വന്നതോടെ പൂര്‍ണമായും വിട്ടു. കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വണ്‍സ് ഇന്‍ എ ബ്ലൂമൂണ്‍ കിട്ടിയ സാധനമൊന്നുമല്ല. ഏഴ് വര്‍ഷം ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.”
“പിന്നെ ചിലതിലൊക്കെ പോകുമ്പോള്‍ മനസ് മടുത്ത് വന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഒരാഴ്ച കഴിയുമ്പോള്‍ ആ ആവേശം അങ്ങ് പോകും. പിന്നെ അടുത്ത ഓഡിഷന് പോകും”. ഓഡിഷന് പോക്ക് എനിക്കൊരു ഹോബി പോലെയായിരുന്നുവെന്ന് താരം പറയുന്നു. ഏഴ് വര്‍ഷം തുടര്‍ച്ചയായി ഓഡിഷന് പോകാനുണ്ടായിരുന്നുവെന്നും തന്നേക്കാള്‍ പ്രതീക്ഷ അച്ഛനായിരുന്നുവെന്നും ശ്രുതി പറയുന്നു.
“ഞാന്‍ മടുത്തിരുന്നു. പ്രായം അതായിരുന്നല്ലോ. നാട്ടുകാരുടെ കളിയാക്കലും മറ്റും ഞാനും അച്ഛനും തുല്യമായി കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്‌കൂളില്‍ ആണെങ്കിലും കോളേജില്‍ ആണെങ്കിലും ശരി. ഈ കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മടുക്കും. ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാള്‍ അച്ഛനായിരുന്നു”. അദ്ദേഹത്തിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ശ്രുതി പറയുന്നു.