CrimeNationalNews

സ്വയം വരണമാല്യം അണിഞ്ഞ് യുവതികൾ; സമൂഹവിവാഹത്തട്ടിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

ബലിയാ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. വിവാഹവേഷത്തിലുള്ള യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ജനുവരി 25-ന് നടന്ന സമൂഹവിവാഹത്തില്‍ 568 ജോഡികളാണ് വിവാഹിതരായത്. ഇവരില്‍ ഭൂരിഭാഗവും പണം വാങ്ങി ജോഡികളായി അഭിനയിച്ചതാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 500 മുതല്‍ 200 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏര്‍പ്പാടാക്കിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘സമൂഹവിവാഹം കാണാനാണ് ഞാനവിടെ പോയത്. പക്ഷേ അവരെന്നോട് വരന്റെ വേഷമിട്ട് മണ്ഡപത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം പണം നല്‍കാമെന്നും പറഞ്ഞു. അവിടെയുണ്ടായിരുന്ന മിക്ക യുവതികള്‍ക്കും വരന്മാര്‍ ഇല്ലായിരുന്നു. അവര്‍ സ്വയം വരണമാല്യം ചാര്‍ത്തി,’ ഗ്രാമവാസിയായ പത്തൊന്‍പതുകാരന്‍ രാജ്കുമാര്‍ പറഞ്ഞു.

സമൂഹവിവാഹത്തെപ്പറ്റി പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്നും അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നതായും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബിജെപി എംഎല്‍എ കേതകി സിങ് പറയുന്നു. ‘തട്ടിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ടിട്ടുള്ളതായാണ് മനസിലാക്കുന്നത്. വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു,’ – കേതകി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സര്‍ക്കാര്‍ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും 6,000 രൂപ മറ്റ് വിവാഹച്ചിലവുകള്‍ നടത്താനുമുള്ളതാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ പ്രതികള്‍ക്ക് പണം ലഭിക്കുന്നതിന് മുമ്പുതന്നെ കള്ളിവെളിച്ചത്തായി. ‘അന്ന് വിവാഹിതരായവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചവരാണ്‌ എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് പദ്ധതിപ്രകാരമുള്ള പണം ലഭിക്കുകയുള്ളൂ. അതുവരെ പണം തടഞ്ഞുവയ്ക്കും,’ – കേതകി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker