ചണ്ഡിഗഡ്: കടകളില്‍ ഐസ്ക്രീമും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഡീപ് ഫ്രീസറിന് സമാനമായ ഫ്രീസറില്‍ വീട്ടില്‍ 15 കിലോഗ്രാം മാംസം കണ്ടെത്തിയതിനെ തുടർന്ന് 69 കാരന്‍ കസ്റ്റഡിയില്‍. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. ചണ്ഡിഗഡിലെ ഇന്ദിര കോളനിയിലാണ് സംഭവം.
ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 107/151 പ്രകാരം സലിം ഖാൻ എന്നയാളെ കരുതല്‍ തടങ്കലിലാക്കിയെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി അഭിനന്ദൻ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സലിം ഖാന്‍ വീട്ടില്‍ ഇറച്ചി വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ലൈസന്‍സ് ഇല്ലാതെ ഇറച്ചി വില്‍ക്കുന്നതിന് നിയമപരമായ നിയന്ത്രണം ഉള്ളതിനാലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇറച്ചി കണ്ടുകെട്ടിയത്.
എന്തു മാംസമാണ്, എത്ര പഴക്കമുണ്ട് എന്നത് ഉള്‍പ്പെടെ തിരിച്ചറിയാനാണ് സിഎഫ്എസ്എല്ലിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിനന്ദൻ പറഞ്ഞു. ബാക്കി മാംസം നശിപ്പിച്ചു. ഫോറൻസിക് സംഘം ആവശ്യമായ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് വേണ്ടിയാണ് താൻ ഇറച്ചി വാങ്ങിയതെന്ന് സലിം ഖാൻ പൊലീസിനോട് പറഞ്ഞു. സമീപത്ത് അദ്ദേഹം പലചരക്ക് കടയും നടത്തുന്നുണ്ട്.
ചണ്ഡീഗഡ് സ്വദേശിയായ മറ്റൊരാളില്‍ നിന്നാണ് സലിം ഇറച്ചി വാങ്ങിയതെന്നും അയാള്‍ അയൽ സംസ്ഥാനത്തു നിന്നാണ് ഇറച്ചി എത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ ഇത്തരത്തില്‍ ഇറച്ചി വില്‍ക്കാനാവില്ലെന്ന് ഡിഎസ്പി പറഞ്ഞു.
അതിനിടെ ഗോമാംസം കടത്തുന്നുവെന്ന അഭ്യൂഹം പ്രചരിച്ചതോടെ ഒരു സംഘം ഗോരക്ഷകര്‍ ഐടി പാർക്ക് പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ ഗോമാംസം കണ്ടെത്തിയിട്ടില്ലെന്ന് പൊപൊലീസ് അവരോട് പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഡിഎസ്പി അഭിനന്ദൻ വ്യക്തമാക്കി.