ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തനിക്ക് 14 ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടെന്ന് രേഷ്മ പോലീസിനോട് പറഞ്ഞു. വിവിധ പ്രായത്തിലുള്ളവരുമായി രേഷ്മ ഫേസ്ബുക്ക് വഴി സൗഹൃദം ഉണ്ടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. വർക്കല സ്വദേശിയായ ക്വട്ടേഷൻ സംഘാംഗവുമായി സൗഹൃദമുണ്ടെന്നും ഇയാൾ ഇപ്പോൾ ജയിലിലാണെന്നും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
ജയിലിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുമന്നതിനിടെയാണ് രേഷ്മ 14 ഫേസ്ബുക്ക് അക്കൗണ്ടുകളുടെ കാര്യം പോലീസിനോട് സമ്മതിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തവണ രേഷ്മയുമായി ചാറ്റു ചെയ്തവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ തന്നെ പോലീസിനോട് സമ്മതിച്ചിരുന്നു.
അനന്തു എന്ന കാമുകനായി വ്യാജ ചാറ്റിംഗ് നടത്തിയത് ജീവനൊടുക്കിയ ബന്ധുക്കളായ ഗ്രീഷ്മയും ആര്യയുമാണെന്ന വിവരം പോലീസ് കഴിഞ്ഞ ദിവസം രേഷ്മയെ അറിയിച്ചിരുന്നു. എന്നാൽ അനന്തു മറ്റൊരാളാണെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വർക്കല സ്വദേശിയായ ക്വട്ടേഷൻ സംഘാംഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതേതുടർന്ന് യുവതികളുടെ ആത്മഹത്യയെപ്പറ്റി ദുരൂഹത തുടരുകയാണ്