ചൈനയില്‍ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ തീപ്പിടിത്തം;13 കുട്ടികൾ വെന്തുമരിച്ചു
ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ് എലമെന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടിത്തമുണ്ടായ ഉടന്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 11:38-ഓടെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ സാധിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. സംഭവത്തെ കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ അധികൃതരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീ പിടിത്തമുണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നത്. ബാക്കി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മരിച്ച കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ തീപിടിത്തത്തിന്റെ കാരണമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നഴ്‌സറി, പ്രൈമറി ക്ലാസ് കുട്ടികള്‍ക്കായുള്ള സ്‌കൂളാണ് യിങ് കായ് എലമെന്ററി സ്‌കൂള്‍. ആഴ്ചാവസാനമായതിനാല്‍ നഴ്‌സറി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോയിരുന്നു. മരിച്ച എല്ലാ കുട്ടികളും മൂന്നാം ഗ്രേഡ് വിദ്യാര്‍ഥികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപിക പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.