കൊച്ചി: കോവിഡുമായി ബന്ധപെട്ട
പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ ‘കൊറോണ രക്ഷക് പോളിസി” യിൽ ചേർന്നിട്ട് ക്ലെയിം നിരസിക്കപ്പെട്ട പോളിസി ഉടമക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ കെ ആർ പ്രസാദ്, 2020 ജൂലൈ മാസത്തിലാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ “കൊറോണ രക്ഷക് പോളിസി” യിൽ ചേർന്നത്.
2021 ജനുവരി മാസത്തിൽ പരാതിക്കാരന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയും നാല് ദിവസം മുവാറ്റുപുഴ നിർമ്മല മെഡിക്കൽ സെൻററിൽ അഡ്മിറ്റായി ചികിത്സിക്കുകയും ചെയ്തു. എന്നാൽ ചികിത്സാ ഇനത്തിൽ ചെലവായ തുകയുടെ ക്ലെയിം ഇൻഷുറൻസ് കമ്പനി നിരസിക്കുകയാണ് ഉണ്ടായത്.
‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ എന്ന അസുഖം ഉണ്ടെന്ന വിവരം പോളിസി ഉടമ മറച്ച് വച്ചു എന്ന കാരണം പറഞ്ഞാണ് ക്യാഷ് ലെസ്സ് ക്ലെയിം നിരസിക്കപ്പെട്ടത്.
ഇതേതുടർന്ന് ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോതൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ എന്ന രോഗാവസ്ഥ മറച്ചുവെച്ച് പോളിസി ഉപാധികൾ ലംഘിച്ചതിനാലാണ് ക്ലെയിം നിഷേധിച്ചതെന്ന് ഇൻഷുറൻസ് കമ്പനി കോടതിയെ ബോധിപ്പിച്ചു.
ഇൻഷുറൻസ് കമ്പനി ഹാജരാക്കിയ ഡിസ്ചാർജ് സമ്മറിയിൽ ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ ഉണ്ടെന്ന സൂചന മാത്രമാണെന്നും, സംശയരഹിതമായ നിഗമനമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി,
ഉപഭോക്താവ് പോളിസി നിബന്ധനകൾ ലംഘിച്ചു എന്ന ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ നിരാകരിക്കുകയും കമ്പനിയുടേത് അധാർമിക വ്യാപാര രീതിയാണെന്ന് വിലയിരുത്തുകയും ചെയ്തു.
“കോവിഡിന്റെ പ്രത്യാഘാതങ്ങൾക്കും വർദ്ധിച്ച ചികിത്സ ചെലവിനും ആശ്വാസമാകും എന്ന വാഗ്ദാനത്തിലാണ് ഇൻഷുറൻസ് കമ്പനികൾ കോവിഡ് സ്പെഷ്യൽ പോളിസികൾ അവതരിപ്പിച്ചത്. എന്നാൽ കേവലം സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പോളിസികളിൽ ചേർന്ന ഉപഭോക്താക്കളുടെ അർഹതപ്പെട്ട ചികിത്സാ ആനുകൂല്യം നിഷേധിക്കുന്ന നിലപാട് അനുവദിക്കാനാവില്ല.
ഇത്തരം പ്രവർത്തികൾ, നിയമവിരുദ്ധം മാത്രമല്ല മനുഷ്യത്വരഹിതവും കൂടിയാണെന്ന് ” വിലയിരുത്തിയ കമ്മിഷൻ, പരാതിക്കാരന് നിരസിക്കപ്പെട്ട ക്ലെയിം തുകയായ 1,00,000/- രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 30 ദിവസത്തിനകം നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് നിർദ്ദേശം നൽകി.കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്.ഹർജിക്കാരന് വേണ്ടി അഡ്വക്കറ്റ് ടോം ജോസഫ് ഹാജരായി