കാന്തമായി മാറാന്‍ മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങി! 12കാരന്‍ ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് 54 മാഗ്നറ്റിക് ബോളുകള്‍
ലണ്ടന്‍: ബ്രിട്ടണില്‍ കാന്തമായി മാറാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയ 12കാരന്‍ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ 54 മാഗ്‌നറ്റിക് ബോളുകളാണ് നീക്കം ചെയ്തത്. ശാസ്ത്രത്തോടുള്ള ആഭിമുഖ്യമാണ് ഇതിന് പ്രേരിപ്പിച്ചത്.
റൈലി മോറിസണ്‍ എന്ന 12കാരനാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയത്. രണ്ടു പ്രാവശ്യമായാണ് വിഴുങ്ങിയത്. കാന്തമായി മാറാനുള്ള ആഗ്രഹം കൊണ്ടാണ് ചെയ്തത്. ജനുവരി ഒന്ന്, നാലു തീയതികളിലാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു.
നാലുദിവസം കഴിഞ്ഞ് വയറില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. എക്സറേയിലാണ് ബോളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി ബോളുകള്‍ നീക്കം ചെയ്തു. ബോളുകള്‍ നീക്കം ചെയ്യുന്നത് വൈകിയിരുന്നുവെങ്കില്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആറുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ബോളുകള്‍ നീക്കം ചെയ്തത്. എങ്ങനെയാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയത് എന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശാസ്ത്രത്തോടും പരീക്ഷണത്തോടുമുള്ള ആഭിമുഖ്യമാണ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്.