CrimeKeralaNews

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍,ഗുരുതര വകുപ്പുകള്‍ ചുമത്തും

കൊച്ചി: ആലുവ എടയപ്പുറം അമ്പാട്ട് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടിയിലേക്കും കടക്കും.

സുഹൃത്തിനെയും പന്ത്രണ്ടുകാരിയെയും അങ്കമാലിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ബംഗാള്‍ സ്വദേശികളാണ്. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

അതിനിടെ രക്ഷിതാക്കള്‍ പരാതി കൊടുക്കുന്നതിന് മുന്‍പായി തന്നെ പെണ്‍കുട്ടി തന്നോടൊപ്പം ഉണ്ടെന്ന് സുഹൃത്ത് മാതാവിന്റെ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സുഹൃത്ത് വിളിച്ച മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് അങ്കമാലിയില്‍ എത്തിയത്. ഒരു മാസം മുമ്പാണ് പെണ്‍കുട്ടി ബംഗാളില്‍ നിന്നും ആലുവയില്‍ എത്തിയത്. ഇവിടെ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കൊല്‍ക്കത്തിയിലേക്ക് തിരിച്ചുപോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button