KeralaNews

കയര്‍ മേഖലയ്ക്കായി 112 കോടി രൂപ; തൊഴിലാളികളുടെ ശരാശരി വരുമാനം 500 രൂപയായി ഉയര്‍ത്തും

തിരുവനന്തപുരം: പരമ്പരാഗത തൊഴിലായ കയര്‍ വ്യവസായ മേഖലയ്ക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും നവീകരണത്തിന്റെയും വൈവിധ്യവല്‍ക്കരണത്തിന്റെയും നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കയര്‍ വ്യവസായത്തിലെ ഉത്പാദനം 2015-16 ല്‍ 7000 ടണ്‍ ആയിരുന്നത് 30000 ടണ്ണായി വര്‍ധിച്ചു. 2021-22ല്‍ ഉത്പാദനം 50000 ടണ്ണായി ഉയരും. 10,000 പേര്‍ക്കെങ്കിലും അധികമായി ജോലി നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡി ഇല്ലാതെ ശരാശരി 500 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

ചകിരി മില്ലുകളുടെ എണ്ണം 300 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 4000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 200 ഉം ആയി ഉയരും. കയര്‍ ഉത്പാദനം വര്‍ധിക്കുന്ന മുറയ്ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ജിയോ ടെക്സ്റ്റയില്‍സിന് വിപുലമായ വിപണി കണ്ടെത്തിയേതീരൂ. ഈ ലക്ഷ്യംവച്ച് കയര്‍മേള ഡിജിറ്റലായി ഫെബ്രുവരി മാസത്തില്‍ ആലപ്പുഴയില്‍ നടത്തും.

കയര്‍ മേഖലയ്ക്ക് 112 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 41 കോടി രൂപ യന്ത്രവത്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്ളക്ച്യുവേഷന്‍ ഫണ്ടിനുമാണ്. ഇതിനുപുറമേ കയര്‍ ബോര്‍ഡില്‍ നിന്ന് ക്ലസ്റ്റര്‍ രൂപീകരണത്തിന് 50 കോടി രൂപയും എന്‍സിഡിസിയില്‍ നിന്ന് 100 കോടി രൂപയും കയര്‍ വ്യവസായത്തിനു ലഭ്യമാകും. പള്ളിപ്പുറം ഗ്രോത്ത് സെന്ററില്‍ 10 ഏക്കറില്‍ വിപുലമായൊരു കയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കും.

കയര്‍ ബൈന്റര്‍ലെസ് ബോര്‍ഡ് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറി കണിച്ചുകുളങ്ങരയില്‍ സ്ഥാപിക്കും. 2021-22 ല്‍ 10 യന്ത്രവല്‍കൃത സഹകരണ ഉത്പന്ന ഫാക്ടറികള്‍ക്കു തുടക്കം കുറിക്കും. ചെറുകിട ഉത്പന്ന നിര്‍മാണ യൂണിറ്റുകളുടെ നവീകരണത്തിനായി പ്രത്യേക സ്‌കീമിനു രൂപം നല്‍കും. ഇതിനായി 20 കോടി രൂപ പ്രത്യേകം വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker