NationalNews

മഹാരാഷ്ട്രയിൽ അവാർഡ്ദാന ചടങ്ങിനെത്തിയ 11 പേർ സൂര്യതാപമേറ്റ് മരിച്ചു,ചടങ്ങില്‍ അമിത് ഷായും പങ്കെടുത്തു

മുംബൈ: ഖാർഘറിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യതാപമേറ്റ് 11 പേർ മരിച്ചു. 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മീയനേതാവും സാമൂഹികപ്രവർത്തകനുമായ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് സൂര്യതാപമേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

നവിമുംബൈയിലാണ് പരിപാടി നടന്നത്. പകൽ ഇവിടത്തെ താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു. രാവിലെ 11.30-ന് തുടങ്ങിയ പരിപാടിയിൽ കാണികൾക്ക് ഇരിപ്പിടമൊരുക്കിയ സ്ഥലത്ത് മേൽക്കൂരയില്ലായിരുന്നു.

ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്രമന്ത്രി കപിൽ പാട്ടീൽ എന്നിവരും പങ്കെടുത്തിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ഷിന്ദേ അഞ്ചുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് മികച്ച ചികിത്സ നൽകുമെന്നും സംഭവത്തിൽ അഗാധമായി വേദനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊടും ചൂട് വരുന്ന ദിവസങ്ങളില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശിന്റെ തീരദേശ മേഖല എന്നിവിടങ്ങളില്‍ ഇതിനോടകം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരിക്കുകയാണ്.

പശ്ചിമ ഹിമാലയന്‍ മേഖലയില്‍ സാധാരണ കാണുന്നതിന് മുകളിലാണ് താപനില ഇപ്പോള്‍ എത്തിയിരിക്കുന്നത്. ദില്ലിയടക്കം ഈ താപനിലയില്‍ എത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ദില്ലിയില്‍ 38.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മേഖലയില്‍ 43 ഡിഗ്രി താപനില എത്തിയിരിക്കുകയാണ്. ഈ മേഖലയില്‍ ഉഷ്ണതരംഗം അതിശക്തമായി ജനജീവിതത്തെ ബാധിച്ച് തുടങ്ങിയിരിക്കുകയാണ്.

രാജ്യത്താകെ അടുത്ത കുറച്ച് ദിവസങ്ങള്‍ താപനില ഗണ്യമായി ഉയരുമെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്. മെര്‍ക്കുറിയുടെ അളവ് അഞ്ച് മടങ്ങ് അധികമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ മേഖലയില്‍ അതിതീവ്രമായ ഉഷ്ണം അതിലൂടെ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത നാല് മുതല്‍ അഞ്ച് ദിവസങ്ങളില്‍ വരെ തീവ്രമായ ചൂടിനെ നേരിടുമെന്നാണ് മുന്നറിയിപ്പ്.

ഏപ്രില്‍ 13 മുതല്‍ 17 വരെ ന്യൂനമര്‍ദ മേഖലയായ ഗാഞ്ചെറ്റിക് പശ്ചിമ ബംഗാളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ 15ാം തിയതി വരെ ഉഷ്ണതരംഗം നേരിടാനാണ് സാധ്യത. ദില്ലിയില്‍ പതിയെ താപനില ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് അടുത്ത ദിവസം തന്നെ ദില്ലിയില്‍ പിന്നിടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ വരണ്ട കാലാവസ്ഥയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്നത്. ഏപ്രില്‍ 17 വരെ രൂക്ഷമായ ഉഷ്ണം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ അത് കഴിഞ്ഞാലും താപനില കുറയില്ലെന്നാണ് മുന്നറിയിപ്പ്. അതേസമയം ഏപ്രില്‍ 18, 19 തിയതികളില്‍ അടുത്ത തരംഗമുണ്ടാകുമെന്നും, അതിലൂടെ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. പശ്ചിമ മേഖലയില്‍ നിന്നുള്ള താപനില ഇത്തവണ വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ 18 മുതല്‍ ചെറിയ തോതില്‍ മഴയും പ്രതീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇത് ചൂടിന് ചെറിയ ഇളവും കൊണ്ടുവന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞന്‍ സുരേന്ദര്‍ പോള്‍ പറഞ്ഞു. ഫെബ്രുവരി മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിട്ടാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അതിശക്തമായ ഉഷ്ണതരംഗങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker