മുംബൈ:ബിഎസ്എൻഎൽ (BSNL) നെറ്റ്വർക്ക് നവീകരിക്കാനും 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനും പരിശ്രമിക്കുന്നതിനിടയിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജനുവരി മാസത്തിലും നിരവധി വയർലെസ് ഉപയോക്താക്കളാണ് നെറ്റ്വർക്ക് ഉപേക്ഷിച്ച് പോയത്. ഏതാണ്ട് 1.5 ദശലക്ഷം വയർലസ് വരിക്കാരെ കമ്പനിക്ക് നഷ്ടമായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. വോഡാഫോൺ ഐഡിയയ്ക്കും നിരവധി ഉപയോക്താക്കളെ ജനുവരി മാസം നഷ്ടമായി. ജിയോയും എയർടെല്ലുമാണ് ജനുവരി മാസത്തിൽ കൂടുതൽ വരിക്കാരെ നേടിയ കമ്പനികൾ.
അതിവേഗ 4ജി നെറ്റ്‌വർക്കുകൾ ഇതുവരെ ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്തതാണ് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് നൽകുമ്പോഴും ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്. അതിവേഗ കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ വർഷങ്ങളായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിച്ചിരുന്നവർ പോലും മറ്റ് നെറ്റ്വർക്കിലേക്ക് മാറുകയാണ്.
വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), തേജസ് നെറ്റ്‌വർക്സ് തുടങ്ങിയ ഇന്ത്യൻ ടെക് കമ്പനികളുടമായി ചേർന്ന് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ രാജ്യത്തെ 26 സർക്കിളുകളിൽ 4ജി സോഫ്റ്റ് ലോഞ്ച് ചെയ്തതായി കമ്പനി അറിയിച്ചിരുന്നു.
ബിഎസ്എൻഎൽ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 4ജി നെറ്റ്വർക്ക് സൌകര്യങ്ങൾ ഉപയോഗിച്ച് 5ജി നെറ്റ്വർക്ക് കൂടി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് സൂചനകൾ. 2023 ജനുവരിയിൽ 1.5 ദശലക്ഷത്തോളം വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തത്തിലുള്ള വയർലെസ് വരിക്കാരുടെ എണ്ണം 105.23 ദശലക്ഷമായി കുറഞ്ഞു. വൈകാതെ തന്നെ ഇത്100 ദശലക്ഷത്തിൽ താഴെയാകും എന്നും സൂചനകളുണ്ട്. അത്രയും കുറവുണ്ടായാൽ അത് കമ്പനിക്ക് വലിയ തിരിച്ചടിയാകും.
2023 ജനുവരി വരെയുള്ള കണക്കുകൾ അനുസരിച്ച് വയർലെസ് മൊബൈൽ സേവന വിപണിയിൽ ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം 9.21 ശതമാനം ആയിരുന്നു. 37.28 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് റിലയൻസ് ജിയോയാണ്. ബിഎസ്എൻഎൽ 2021 ജനുവരിയിലാണ് പുതിയ വയർലെസ് ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർത്തത്. അതിനുശേഷമുള്ള എല്ലാ മാസങ്ങളിലും കമ്പനിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. സ്വകാര്യ കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ച മാസമാണ് ബിഎസ്എൻഎൽ നേട്ടമുണ്ടാക്കിയത്.
സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയുടെ എആർപിയു അഥവാ ഒരു വരിക്കാരനിൽ നിന്നുള്ള ശരാശരി പ്രതിവർഷ വരുമാനം ബിഎസ്എൻഎല്ലിനെക്കാൾ വളരെ കൂടുതലാണ്. വരുമാനവും വരിക്കാരുടെ എണ്ണവും കുറയുന്നതോടെ ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്നു. നിലവിൽ ബിഎസ്എൻഎൽ 4ജി ലഭിക്കുന്ന പ്രദേശങ്ങളിലെ മിക്കവാറും വരിക്കാരും കുറഞ്ഞ നിരക്കുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ സന്തുഷ്ടരാണ് എന്നത് കമ്പനിക്ക് ആശ്വസമാണ്.