ഫരീദാബാദ്: രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നില്‍ ഒരു ഡോക്ടറായതു കൊണ്ട് തന്നെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന്‍ രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്.
https://twitter.com/i/status/1385571274852737030
ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയായിരുന്നു വീഡിയോയ്ക്ക് പിന്നില്‍. രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന ഡോക്ടറുടെ കണ്ടു പിടുത്തത്തിന് പിന്നാലെ പലരും അദ്ദേഹത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്‌കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് മറ്റ് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി.
ഓക്സിജന്‍ സിലിണ്ടറിന് പകരം നെബുലൈസര്‍ ഉപയോഗിക്കാമെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ അടിസ്ഥാനമില്ലാത്തതാണെന്ന് മേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദര്‍ സിങ്ങ് പറയുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വിവരങ്ങള്‍ക്ക് ഇരയാകരുതെന്നായിരുന്നു സര്‍വോദയ ഹെല്‍ത്ത്കെയര്‍ ആശുപത്രിയുടെ പ്രതികരണം.