KeralaNews

കന്യാകുമാരിയിൽ അരിച്ചുപെറുക്കി പോലീസ്, ചെന്നൈയിലും അന്വേഷണം;കുട്ടിയുടെ കൈയിലുള്ളത് ബാഗും 50 രൂപയും

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിക്കായി കന്യാകുമാരിയില്‍ വ്യാപക തിരച്ചില്‍. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍, ബീച്ച് പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരച്ചില്‍ തുടരുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അതിനിടെ, ബുധനാഴ്ച പുലര്‍ച്ചെ കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഒരു ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.

കേരള പോലീസിന് പുറമേ തമിഴ്‌നാട് പോലീസും റെയില്‍വേ സംരക്ഷണസേന (ആര്‍.പി.എഫ്)യും റെയില്‍വേ പോലീസും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. കന്യാകുമാരിയില്‍നിന്ന് കുട്ടി മറ്റെവിടേക്കെങ്കിലും പോയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ മൂത്തസഹോദരന്‍ ചെന്നൈയില്‍ ജോലിചെയ്യുന്നുണ്ട്. കുട്ടി ഇവിടേക്ക് പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടി ഇവിടേക്ക് വന്നിട്ടില്ലെന്ന് സഹോദരന്‍ സ്ഥിരീകരിച്ചതായും സൂചനകളുണ്ട്.

കുട്ടിയുടെ കൈയില്‍ ഒരുബാഗും വസ്ത്രവും 50 രൂപയുമാണ് ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍നിന്ന് മറ്റേതെങ്കിലും ട്രെയിനില്‍ കയറി കുട്ടി യാത്രചെയ്തിരിക്കാമെന്നും പോലീസിന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരുപക്ഷേ, കുട്ടി കേരളത്തിലേക്ക് മടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാറശ്ശാല മുതല്‍ തമ്പാനൂര്‍ വരെയുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്കറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker