ട്രംപിന്‍റെ സമ്മർദത്തിന് സെലൻസ്കി വഴങ്ങി, യുക്രെയ്നിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നൽകാനൊരുങ്ങുന്നു

കീവ്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്‍റെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകുന്നു. അമേരിക്കയും യുക്രെയ്നും ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഭാവിയിലെ അമേരിക്കന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉറപ്പാക്കുന്നതിനായി സെലന്‍സ്‌കിയാണ് യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങള്‍ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നല്‍കിയത്. എന്നാല്‍, സുരക്ഷാ ഗ്യാരണ്ടികളില്ലാതെ, ഒരു കരട് കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി പിന്നീട് വിസമ്മതിക്കുകയായിരുന്നു.
അതേ സമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. കാബിനറ്റ് അംഗമല്ലാത്ത ഇലോൺ മസ്‌ക്കും യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മസ്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡോജിൽ നിന്നും 21 ഉദ്യോഗസ്ഥർ രാജിവെച്ചു.