മലപ്പുറം: ബന്ധു നിയമനത്തിൽ രാജിവച്ച മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീന്റെ ചിത്രം ബലൂണിൽ കെട്ടി ആകാശത്തേയ്ക്ക് പറത്തി യൂത്ത് ലീഗിന്റെ ആഹ്ലാദ പ്രകടനം. മലപ്പുറത്ത് നടന്ന ആഹ്ലാദ പ്രകടനം നഗരസഭാ ചെയർമാൻ കൂടിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കടേരിയാണ് ഉദ്ഘാടനം ചെയ്തത്. ജലീലിന്റെ രാജി ജനവിധിയോടെ തിരിച്ചിറങ്ങുന്ന സർക്കാരിന്റെ തുടക്കം കുറിയ്ക്കലാണെന്ന് മുജീബ് കാടേരി പറഞ്ഞു. 2018ൽ യൂത്ത് ലീഗാണ് ജലീലിനെതിരായ ബന്ധുനിയമന വിവാദം പുറത്തുകൊണ്ടുവരുന്നത്.
ലോകായുക്തയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കെ.ടി ജലീൽ രാജിവച്ചത്. ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ചരിത്രത്തിൽ ഇതുപോലെ കഴിവുകെട്ടൊരു മന്ത്രിയെ ഒരു ഗവൺമെന്റിന്റെ കാലത്തും കേരളം കണ്ടിട്ടില്ലെന്നും മുജീബ് കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ കാണിച്ച ഒളിച്ചുകളി രാജിവെച്ചശേഷവും കെ.ടി. ജലീൽ തുടർന്നു. രാജിക്കത്ത് നൽകിയ കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചശേഷം അദ്ദേഹം എങ്ങോട്ടുപോയെന്നത് ദുരൂഹം. പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഇതിന് കൃത്യമായ മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും കിട്ടിയില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് തന്റെ ഗൺമാന്റെ കൈവശമാണ് ജലീൽ രാജിക്കത്ത് കൊടുത്തുവിട്ടത്. മാധ്യമപ്രവർത്തകർ എത്തുമ്പോൾ കന്റോൺമെന്റ് വളപ്പിൽ ജലീലിന്റെ മന്ത്രിമന്ദിരത്തിനുമുന്നിൽ ഔദ്യോഗികവാഹനം ഉണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മന്ത്രി വിശ്രമത്തിലാണെന്നായിരുന്നു ചില പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞത്. എന്നാൽ, അദ്ദേഹം സ്വകാര്യകാറിൽ പുറത്തേക്കുപോയെന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറഞ്ഞു.
രാജിവെക്കുന്ന മന്ത്രിമാർ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയുണ്ട്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. ജലീൽ തലസ്ഥാനത്ത് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹം രാത്രിയോടെ സ്വദേശത്തേക്കു മടങ്ങാനാണു സാധ്യതയെന്നു പറഞ്ഞു.
എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. രാജിയെക്കുറിച്ച് മന്ത്രി കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് താന്‍ ഇരയാകുകയാണ്. തത്കാലത്തേക്ക് എങ്കിലും ‘ജലീല്‍ വേട്ടക്ക്’ രാജിയോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജലീലിന്റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. നില്‍ക്കകളിയില്ലാതെ ജലീല്‍ രാജിവയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്താന്‍ സിപിഎം പരമാവധി ശ്രമിച്ചു.
പാര്‍ട്ടി പിന്തുണയില്‍ മന്ത്രിസ്ഥാനത്ത് അള്ളിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. എന്നാല്‍ ജനവികാരം എതിരാളെന്ന് കണ്ടതോടെ ഒടുവില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനവും സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടതും മാര്‍ക്ക് ദാനവും ഉള്‍പ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നിട്ടും ജലീലിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്.
ഒടുവില്‍ ലോകായുക്ത മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഉത്തരവിട്ട ശേഷവും അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടി മന്ത്രിസ്ഥാനത്ത് തുടരാന്‍ ശ്രമിച്ച ജലീല്‍ ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് പറയുന്നതില്‍ എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.