പീരുമേട് (ഇടുക്കി): പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരുകയാണ്.
ചൊവാഴ്ച രാത്രിയിലാണ് അഖിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
മദ്യപാനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികളിൽനിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ചൊവാഴ്ചയും സമാനമായ രീതിയിൽ ബഹളം കേട്ടിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ മരണം സംഭവിച്ചതാകാം എന്നാണു പോലീസ് നിഗമനം. ശ്വാനസേന, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.