ചെന്നൈ: അയല്‍ക്കാരനും കോളജ് വിദ്യാര്‍ഥിയും ആയിരുന്ന യുവാവിനെതിരെ വ്യാജ ബലാല്‍സംഗം ആരോപിച്ച് പരാതി നല്‍കിയ യുവതിയോട് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി യുവാവിന് നല്‍കാന്‍ ഉത്തരവിട്ട് കോടതി. ചെന്നൈയിലാണ് സംഭവം. സന്തോഷ് എന്ന യുവാവാണ് വ്യാജകേസില്‍ പെട്ട് ജീവിതം പ്രതിസന്ധിയിലായത്.
അയല്‍ക്കാരനായ സന്തോഷ് ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ യുവാവ് പോലീസ് പിടിയിലായി. ഒടുവില്‍ യുവതിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോഴാണ് കുട്ടിയുടെ പിതാവ് യുവാവ് അല്ലെന്ന് വ്യക്തമായത്. ഇതോടെയാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.
വ്യാജക്കേസില്‍ 95 ദിവസം യുവാവ് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. 2 ലക്ഷം രൂപ കേസ് നടത്തിപ്പിനായും ചെലവായി. ഇതോടെയാണ് യുവതിക്കും കുടുംബത്തിനുമെതിരെ നിയമപോരാട്ടം നടത്തിയത്. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് സന്തോഷല്ലെന്ന് തെളിഞ്ഞതോടെ 2016 ഫെബ്രുവരിയില്‍ സന്തോഷിനെ ചെന്നൈയിലെ മഹിളാ കോടതി വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര കേസ് നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.