കാലിനടിയില്‍ ക്യാമറ..! എസ്തര്‍ തുടങ്ങി പിന്നാലെ അനശ്വരയും ഹണിയും.. ഇപ്പോള്‍ മാളവികയും; പാപ്പരാസികളെ തുറന്നുകാട്ടി നടിമാര്‍
കൊച്ചി:സോഷ്യല്‍ മീഡിയ ഒരുപോലെ ഗുണവും ദോഷവും ഉള്ള ഒന്നാണ്. കഴിഞ്ഞ കുറെ നാളുകളായി പല സെലിബ്രിറ്റികളും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. സൈബര്‍ ആക്രമണത്തിന് ലിംഗ-പ്രായ വ്യത്യാസമില്ലെങ്കില്‍ നടിമാരാണ് പലപ്പോഴും കൂടുതലും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നത്. ഉദ്ഘാടനം, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനെത്തുന്ന നടിമാരുടെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് ഇതില്‍ കൂടുതലും.
വ്യത്യസ്ത ആംഗിളുകളില്‍ നിന്ന് ദൃശ്യങ്ങളെടുത്ത് ദ്വയാര്‍ത്ഥ പ്രയോഗമുളള ക്യാപ്ഷനും വെച്ചായിരിക്കും പല ഓണ്‍ലൈന്‍ പാപ്പരാസികളും ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതിന് താഴെ നടിമാരെ അശ്ലീലചുവയുള്ള വാക്കുകളിലൂടെ അധിക്ഷേപിക്കുന്നതും പതിവാണ്. ഇത് തുടങ്ങിയിട്ട് നാളേറെയായെങ്കിലും അടുത്ത കാലത്തായി നടിമാര്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്.
നടി എസ്തര്‍ അനില്‍ ആണ് അടുത്ത കാലത്തായി ഇതില്‍ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയവരെയാണ് എസ്തര്‍ അനില്‍ വിമര്‍ശിച്ചത്. എസ്തറും നടന്‍ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വീഡിയോ മോശമായ ആംഗിളില്‍ ചിത്രീകരിച്ച് ഓണ്‍ലൈന്‍ ചാനലുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
വീഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കമന്റുകള്‍ നിറഞ്ഞതോടെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു താരം പറഞ്ഞിരുന്നത്. എസ്തറിനെ പിന്തുണച്ച് ഗോകുലും കമന്റുമായി എത്തിയിരുന്നു.
ഇതിന് പിന്നാലെ നടി അനശ്വര രാജനും പൊതുപരിപാടിയില്‍ എത്തുന്ന മാധ്യമങ്ങളുടെ ക്യാമറ ആംഗിളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു അനശ്വര ഇത്തരം സമയങ്ങളില്‍ തങ്ങള്‍ എത്രത്തോളം അസ്വസ്ഥരാണ് എന്ന് വ്യക്തമാക്കിയത്. ‘ കാറില്‍ നിന്നിറങ്ങുമ്പോള്‍ ആകാശത്ത് നിന്നായിരിക്കും ക്യാമറയെടുത്ത് ചിലര്‍ വരുന്നത്. ആ ആംഗിളില്‍ നിന്ന് ക്യാമറെയടുത്താല്‍ ഏത് തരത്തിലുള്ള ദൃശ്യങ്ങളാണ് ലഭിക്കുക എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?,’ അനശ്വര പറഞ്ഞു.
ഇത്തരം ഓണ്‍ലൈന്‍ പാപ്പരാസികളെ ഭയന്ന് വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാറുണ്ട് എന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് – ബോബി ചെമ്മണ്ണൂര്‍ വിഷയം വലിയ വാര്‍ത്തയാകുന്നത്. സൈബറിടത്തില്‍ വലിയ രീതിയില്‍ ആക്രമണത്തിന് ഇരയായ നടിയാണ് ഹണി റോസ്. ഉദ്ഘാടനങ്ങളിലും മറ്റും പോകുമ്പോള്‍ വരുന്ന ആളുകളുടെ ക്യാമറ ആംഗിളുകളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ല എന്ന് ഹണി റോസ് പറഞ്ഞിരുന്നു.
ഏറ്റവും ഒടുവിലാണ് നടി മാളവിക മേനോനും ഓണ്‍ലൈന്‍ പാപ്പരാസികളെ കുടഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇവരാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്ന ചേട്ടന്‍മാര്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങളടക്കം പങ്ക് വെച്ചായിരുന്നു മാളവികയുടെ പ്രതികരണം.