‘നിങ്ങൾ വേദിയിൽനിന്ന് പോകൂ’ സിനിമാ വിജയാഘോഷത്തിനിടെ അനുപമയ്ക്ക് പരസ്യ അപമാനം
ഹൈദരാബാദ്:ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്സോഫീസ് കുതിപ്പുണ്ടാക്കിയ ചിത്രമാണ് തില്ല് സ്ക്വയർ. 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ദു ജൊന്നലഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം ഈയിടെ നടന്നു. ഈ ചടങ്ങിനിടെ ചിത്രത്തിലെ നായികയായ അനുപമ പരമേശ്വരനോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ജൂനിയർ എൻ.ടി.ആർ ആയിരുന്നു തില്ല് സ്ക്വയർ വിജയാഘോഷച്ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തിയത്. ഇതേ ചടങ്ങിൽവെച്ചാണ് സദസിലുണ്ടായിരുന്ന നിരവധി ജൂനിയർ എൻ.ടിആർ ആരാധകർ അനുപമാ പരമേശ്വരന്റെ സംഭാഷണം തടസപ്പെടുത്തുകയും വേദിവിടാൻ ആവശ്യപ്പെടുകയുംചെയ്തത്.
അനുപമ വേദിയിലെത്തുംമുൻപേതന്നെ തങ്ങളുടെ സൂപ്പർതാരത്തെ വേദിയിലേക്ക് ക്ഷണിച്ച് സംസാരിപ്പിക്കണമെന്ന് നിരവധി തവണ സദസിൽനിന്ന് ആവശ്യമുയർന്നു. അനുപമ സംസാരിക്കാനെത്തിയപ്പോൾ ആരാധകരുടെ ശബ്ദം കുറച്ചുകൂടി രൂക്ഷമായി.
താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി. കൂടാതെ ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്ന് പറയുകയുംചെയ്തു. ഇതിനിടെ പരിപാടിയുടെ അവതാരക ഇടപെട്ട് രംഗം ശാന്തമാക്കാൻ നോക്കിയെങ്കിലും അനുപമയെക്കൊണ്ട് സംസാരിപ്പിക്കില്ലെന്നായി ആരാധകർ.
ഇതോടെ താൻ സംസാരിക്കുന്നില്ലെന്ന് നടിയും പറഞ്ഞു. പിന്നീട് ബഹളത്തിനിടയിലൂടെ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ജൂനിയർ എൻ.ടി.ആർ, സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് അനുപമ പിൻവാങ്ങുകയായിരുന്നു.
#AnupamaParameswaran Speech at #TilluSquareSuccessMeet pic.twitter.com/P6l2neQeNW
— Suresh PRO (@SureshPRO_) April 8, 2024
ഈ സംഭവത്തിന്റെ വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചർച്ചകൾക്ക് തുടക്കമിടുകയുംചെയ്തു. നിരവധി പേർ ജൂനിയർ എൻ.ടി.ആർ ആരാധകരുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു. ഇത് അനുപമ അഭിനയിച്ച സിനിമയുടെ വിജയാഘോഷമാണെന്നും അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കാത്തത് പ്രാകൃതമായ നടപടിയാണെന്നുമാണ് പലരും പറഞ്ഞത്. അത്തരമൊരു സാഹചര്യത്തെ പക്വതയോടെ കൈകാര്യംചെയ്തതിന് അനുപമയ്ക്ക് അഭിനന്ദനമർപ്പിച്ചവരും നിരവധിയാണ്.