KeralaNews

‘നാളെ ഞാന്‍ പോവും. പോവുമ്പൊ എന്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുത്…!; ഇല്ല ചേച്ചീ അതിനുള്ള ധൈര്യം ഞങ്ങള്‍ക്കില്ല, പോയെന്ന് വിശ്വസിക്കുകയും ഇല്ല; കുറിപ്പ്

കെ.പി.എ.സി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കെ.പി.എ.സി ലളിത അരങ്ങൊഴിഞ്ഞെന്ന് വിശ്വസിക്കാന്‍ സിനിമാസ്വാദകര്‍ക്കായിട്ടില്ല.
കെ.പി.എ.സി ലളിതയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സിനിമയിലെ ലളിതയുടെ സുഹൃത്തുക്കളും സഹതാരങ്ങളും അഭ്യുതയകാംക്ഷികളുമെല്ലാം. അത്തരത്തില്‍ കെ.പി.എ.സി ലളിതയെ കുറിച്ചുള്ള സന്ദീപ് ദാസിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

‘നാളെ ഞാന്‍ പോവും. പോവുമ്പൊ എന്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുതെന്ന് മനസിനക്കരെ സിനിമയില്‍ ലളിത ചേച്ചി ഒരു ഡയലോഗ് പറയുന്നുണ്ട്. എന്നാല്‍ ചേച്ചി പോകുമ്പോള്‍ മുന്നില്‍ വന്നു നില്‍ക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കില്ല. പോയെന്ന് ഞങ്ങള്‍ വിശ്വസിക്കുകയുമില്ലെന്നാണ് സന്ദീപ് ദാസ് ഫേസ്ബുക്കില്‍ എഴുതിയത്.
ലേഡി മോഹന്‍ലാല്‍ എന്ന് പലരും ലളിതയെ വിശേഷിപ്പിക്കാറുണ്ടെന്നും എന്നാല്‍ പുരുഷന്‍മാരിലെ ലളിതയാണ് മോഹന്‍ലാല്‍ എന്നും വിലയിരുത്താമെന്നും അതില്‍ മോഹന്‍ലാലിന് അഭിമാനമേ ഉണ്ടാകൂവെന്നും കുറിപ്പില്‍ പറയുന്നു. ഇത്രയേറെ സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു നടി ഇന്ത്യന്‍ സിനിമയില്‍ ഇല്ല എന്ന് ലാല്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബ്ലാക് & വൈറ്റ് കാലഘട്ടത്തില്‍ അഭിനയം തുടങ്ങിയ ഒട്ടുമിക്ക അഭിനേതാക്കളിലും നാടകീയത നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ലളിത അങ്ങനെയായിരുന്നില്ല. അവര്‍ നാച്ചുറല്‍ ആക്റ്റിങ്ങിന്റെ അവസാന വാക്കായിരുന്നു. മലയാള സിനിമ ഉള്ളിടത്തോളം കാലം കെ.പി.എ.സി ലളിത ഓര്‍മ്മിക്കപ്പെടും, കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കെ.പി.എ.സി ലളിതയ്ക്ക് മരിക്കാനാവുമോ? ഇല്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഒരു മനുഷ്യന് ഉണ്ടാവുന്ന സകല വികാരങ്ങളെയും ലളിത സ്‌ക്രീനില്‍ കൊണ്ടുവന്നിട്ടുണ്ട്. ആ മുഖത്ത് വിരിയാത്ത ഭാവങ്ങളില്ല. അവര്‍ക്ക് വഴങ്ങാത്ത ശരീരഭാഷകളില്ല. ലളിത എന്ന അഭിനേത്രിയുടെ ശബ്ദനിയന്ത്രണത്തിന് സമാനതകളില്ല.

അങ്ങനെയുള്ള ഒരാള്‍ക്ക് മരിക്കാനാവുമോ? മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം ലളിതയും ജീവിച്ചിരിക്കില്ലേ? ലളിത ചെയ്തുവെച്ച കഥാപാത്രങ്ങള്‍ അവര്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കില്ലേ?

കേളി എന്ന സിനിമയില്‍ ലളിത അവതരിപ്പിച്ച കഥാപാത്രം ഒരു ഭിന്നശേഷിക്കാരന്റെ അമ്മയായിരുന്നു. മകന്‍ ഓടക്കുഴല്‍ വായിച്ചുകൊണ്ടിരിക്കുന്ന സീനില്‍ ആ അമ്മ പറയുന്നുണ്ട്-
”എത്ര നാളായി എന്റെ കുട്ടി ഇതൊന്ന് വായിക്കണ കേട്ടിട്ട്…!”
ഇത്രയും പറഞ്ഞ് കണ്ണുനീര്‍ തുടച്ച് അവര്‍ മകന്റെ അടുത്തിരിക്കുന്നുണ്ട്. മകന്റെ പുല്ലാങ്കുഴലില്‍നിന്ന് പൊഴിയുന്ന സംഗീതം പോലെയാണ് അവരുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത്.

അതുപോലൊരു സാധുവായ അമ്മയ്ക്ക് ജീവന്‍ കൊടുത്ത ലളിത തന്നെയാണ് അമരത്തിലെ മാധവിയുടെ വേഷം ചെയ്തത്. ചീത്തവിളിച്ച് കണ്ണുപൊട്ടിക്കുന്ന മാധവി! അല്ലെങ്കില്‍ത്തന്നെ ആ മഹാപ്രതിഭയ്ക്ക് എന്താണ് വഴങ്ങാത്തത്?

മതിലുകളിലെ നാരായണി തന്റെ സ്വരം കൊണ്ട് പ്രണയത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തി…ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയില്‍ കുടുകുടാ ചിരിപ്പിച്ചു…സദയത്തിലൂടെ വെറുപ്പിച്ചു. കനല്‍ക്കാറ്റിലൂടെ കരയിച്ചു.

യഥാര്‍ത്ഥ ജീവിതത്തില്‍ പരമസാധുവായ ഒരു സ്ത്രീയായിരുന്നു ലളിത. സ്വന്തം മക്കള്‍ ശബ്ദം ഉയര്‍ത്തി സംസാരിച്ചാല്‍ പോലും പരിഭ്രമിച്ചുപോകുന്ന സ്വഭാവം. അങ്ങനെയുള്ള ഒരാളാണ് ക്യാമറയ്ക്കുമുമ്പില്‍ ഭയങ്കരിയായി പരിണമിക്കാറുള്ളത്.
അതല്ലെങ്കില്‍ പിന്നെ എന്താണ് പരകായപ്രവേശം!?

ഒരു ഭാവത്തില്‍ നിന്ന് മറ്റൊരു ഭാവത്തിലേയ്ക്ക് മാറാന്‍ ഒരു നിമിഷത്തിന്റെ നൂറിലൊന്നുപോലും ലളിതയ്ക്ക് വേണ്ടിവരാറില്ല. വാല്‍ക്കണ്ണാടി പോലുള്ള സിനിമകള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ലേഡി മോഹന്‍ലാല്‍ എന്ന് പലരും ലളിതയെ വിശേഷിപ്പിക്കാറുണ്ട്. നേരേ തിരിച്ചും പറയാമല്ലോ. പുരുഷന്‍മാരിലെ ലളിതയാണ് മോഹന്‍ലാല്‍ എന്നും വിലയിരുത്താം. അതില്‍ മോഹന്‍ലാലിന് അഭിമാനമേ ഉണ്ടാകൂ. ഇത്രയേറെ സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു നടി ഇന്ത്യന്‍ സിനിമയില്‍ ഇല്ല എന്ന് ലാല്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബ്ലാക് & വൈറ്റ് കാലഘട്ടത്തില്‍ അഭിനയം തുടങ്ങിയ ഒട്ടുമിക്ക അഭിനേതാക്കളിലും നാടകീയത നിറഞ്ഞുനിന്നിരുന്നു. ലളിത അങ്ങനെയായിരുന്നില്ല. അവര്‍ നാച്ചുറല്‍ ആക്റ്റിങ്ങിന്റെ അവസാന വാക്കായിരുന്നു.

മതിലുകളിലെ നാരായണിയെപ്പോലെയാണ് ലളിതയും. അവരുടെ അടയാളം ലോകത്തെല്ലായിടത്തുമുണ്ട്!
ലളിതയ്ക്ക് മരണം വിധിച്ചിട്ടില്ല. അനശ്വരതയാണ് അവരുടെ യോഗം.

എങ്കിലും മനസ്സിലൊരു നീറ്റല്‍ പടരുന്നുണ്ട്. മനസ്സിനക്കരെയില്‍ ലളിതയുടെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഓര്‍മ്മവരുന്നത്-
”നാളെ ഞാന്‍ പോവും. പോവുമ്പൊ എന്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുത്…!”

പ്രിയപ്പെട്ട ലളിതച്ചേച്ചീ, നിങ്ങള്‍ പോവുമ്പോള്‍ മുന്നില്‍ വന്ന് നില്‍ക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കില്ല. പോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുകയുമില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker