FeaturedHome-bannerNationalNews

ഗുസ്തി താരങ്ങളുടെ സമരം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചു, സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് താരങ്ങള്‍

ന്യൂഡല്‍ഹി:  ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. 

ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി  അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന രീതിയിൽ വാര്‍ത്ത പ്രചരിച്ചു. എന്നാൽ നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു.

ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു. ഇതിന്  പിന്നാലെയാണ് കായികമന്ത്രിയുടെ ഇടപെടലും ച‍‍‍ര്‍ച്ചയും നടന്നത്. 

ഈ വര്‍ഷം ജനുവരി 18 നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്.

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button