BusinessInternationalNews

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്? മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന

ജനീവ:സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്.  മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി  ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയിൽ ലോകവ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.


  
ആഗോളതലത്തിൽ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ അല്ല നൽകുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില ലോകമെമ്പാടും ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ ഉത്പാദനത്തെ ഗുരുതരമായി ബാധിച്ചു. ഇതു കാ‍ര്‍ഷിക രംഗത്തും കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടൊപ്പം യുക്രൈൻ യുദ്ധവും കോവിഡും സ്ഥിതി സങ്കീർണമാക്കിയെന്നും അവ‍ര്‍ പറയുന്നു.എല്ലാ രാജ്യങ്ങളേയും ഈ പ്രതിസന്ധി ഒരു പോലെ ബാധിച്ചു തുടങ്ങിയതിനാൽ തന്നെ ലോകം വൈകാതെ മാന്ദ്യത്തിലേക്ക് കടക്കുമെന്ന്  ഗോസി ഒകോഞ്ചോ പറഞ്ഞു.

ദിനംപ്രതി പെരുകുന്ന വിലക്കയറ്റത്തെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായി.സാധനസാമഗ്രികളുടെ വിലവര്‍ധന ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിച്ചു.

യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കയാണ്. ഈ വര്‍ഷം ഇതുവരെ നാലു തവണയാണ് പലിശ കൂട്ടിയത്. സമീപ ഭാവിയില്‍ ഇനിയും നിരക്കുയര്‍ത്തുമെന്നു സൂചന നല്‍കുകയും ചെയ്തു. യുഎസ് കേന്ദ്ര ബാങ്കിനെപ്പോലെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകളും കൂതിക്കുന്ന വിലക്കയറ്റത്തിനെതിരെ പൊരുതുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് കാനഡ എന്നീ ബാങ്കുകളും ഈയിടെ പലിശ നിരക്കുയര്‍ത്തിയിരുന്നു.

കറന്‍സികളിലെ വ്യതിയാനം
കേന്ദ്ര ബാങ്കുകളുടെ കര്‍ശന നടപടികള്‍ കറന്‍സികളുടെ മൂല്യത്തിലും വന്‍ മാറ്റങ്ങളുണ്ടാക്കി. ഈയിടെ ഉണ്ടായ നിരക്കു വര്‍ധനകള്‍ യുഎസ് ഡോളറിന്റെ മൂല്യം രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചു. ഇതര വിദേശ കറന്‍സികളുടെ മൂല്യത്തിന്റെ അളവു കോലായ ഡോളര്‍ സൂചിക, ഈ വര്‍ഷം ഇതുവരെയായി 14 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ആഗോള തലത്തില്‍ ഉത്പന്ന വിലകള്‍ നിര്‍ണയിക്കുന്നതിലും യുഎസ് ഡോളറിന് സുപ്രധാന പങ്കുണ്ട്. കാരണം മിക്കവാറും ഉല്‍പന്നങ്ങളുടെ വിലനിര്‍ണയത്തിനുള്ള അളവുകോല്‍ യുഎസ് ഡോളറാണ്. ഉല്‍പന്നങ്ങള്‍ക്ക് ഡോളറുമായി പ്രതികൂല ബന്ധമാണുള്ളത്. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ മറ്റു കറന്‍സികളില്‍ കണക്കാക്കുന്ന ഉല്‍പന്ന വിലകള്‍ വര്‍ധിക്കുന്നു. അസംസ്‌കൃത ഉല്‍പന്നങ്ങളുടെ വില വര്‍ധനയ്ക്ക് ഇത് കാരണമാകുന്നതിനാല്‍ ഡിമാന്റില്‍ കുറവു വരുന്നു.

യുഎസ് കേന്ദ്ര ബാങ്കിന്റെ കടുത്ത തോതിലുള്ള പലിശ വര്‍ധന ലോകമെങ്ങും വ്യാപാരങ്ങളെ ബാധിച്ചിട്ടുണ്ട്. ബിസിനസ് പ്രവര്‍ത്തനങ്ങളിലുണ്ടായ സങ്കോചം മിക്ക വ്യവസായങ്ങളെയും ബാധിച്ചു. കൂടിയ വിലകളും കുറയുന്ന ഡിമാന്റും യൂറോപ്പിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ 18 മാസത്തെ ഏറ്റവും ചുരുങ്ങിയ നിലയിലെത്തിച്ചു. കടുത്ത വിലക്കയറ്റം യൂറോപ്പിനെ മാന്ദ്യത്തിലേക്കു തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടിയ ഇന്ധന വിലയാണ് യൂറോപ് നേരിടുന്ന പ്രതിസന്ധിക്ക് മുഖ്യകാരണം. യൂറോപ്പിലേക്കുള്ള എണ്ണ, വാതക പൈപ് ലൈനുകള്‍ റഷ്യ അടച്ചതോടെ ഇന്ധന വില റിക്കാര്‍ഡുയരത്തിലെത്തി. പല ഏഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലായി. കോവിഡിനെതിരെയുള്ള ചൈനയുടെ കര്‍ശന നിയമങ്ങളും വില സമ്മര്‍ദ്ദവും ബിസിനസുകളെയും ഫാക്ടറി പ്രവര്‍ത്തനങ്ങളേയും അവതാളത്തിലാക്കി.

ചൈനയില്‍ ഈയിടെയായി സാമ്പത്തിക മാന്ദ്യം ആഴത്തിലായിട്ടുണ്ട്. ചില്ലറ വില്‍പന, വ്യാവസായിക ഉല്‍പാദനം, നിക്ഷേപം തുടങ്ങിയ കണക്കുകള്‍ സമ്പദ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ്. കോവിഡ് മൂലമുണ്ടായ തടസങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവുമാണ് ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍.

തുടര്‍ച്ചയായി രണ്ടാം പാദത്തിലും യുഎസ് സമ്പദ് വ്യവവസ്ഥ ചുരുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന കണക്കു കൂട്ടലുകളുടെ അടിസ്ഥാനവും ഇതാണ്.

വിലകളില്‍ ഇപ്പോഴുണ്ടായിട്ടുള്ള കുതിപ്പ് അധികം നീണ്ടു നില്‍ക്കാന്‍ സാധ്യതയില്ല. ചൈനീസ് സമ്പദ് വ്യവസ്ഥ തിരിച്ചു വരികയും യുഎസ് ഡേളര്‍ മൂല്യത്തില്‍ തിരുത്തല്‍ ഉണ്ടാവുകയും ചെയ്താല്‍ േഡിമാന്റു വര്‍ധിക്കുമെന്നു വേണം കണക്കാക്കാന്‍. ഉല്‍പാദന ക്ഷമതകുറഞ്ഞതു കാരണം ഉണ്ടായ വിതരതടസങ്ങളും കൂടിയതോതിലുള്ള വൈദ്യതി വിലകളും ഭാവിയില്‍ വിലകള്‍ക്കു താങ്ങായേക്കും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button