NationalNews

വനിതാസംവരണ ബിൽ ലോക്‌സഭ കടന്നു, പാസായത് 454 എംപിമാരുടെ പിന്തുണയോടെ,രണ്ടുപേർ എതിർത്തു

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീശക്തിക്ക് പുതിയ അധ്യായമെഴുതി പുതിയ പാര്‍ലമെന്റില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ട് എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്സഭയില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് ബില്‍ പാസാക്കുകയായിരുന്നു. വ്യാഴാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും ബില്ലില്‍ സ വനിതകള്‍ക്കായി സംവരണം ചെയ്യുന്നുണ്ട്.പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത ഡല്‍ഹിയിലെ നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

അതേ സമയം ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും നടപ്പാകാന്‍ ഏറെ കാത്തിരിക്കേണ്ടി വരും.മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമേ നടപ്പാക്കാന്‍ കഴിയൂ എന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈനിയമം നിലവില്‍ വന്നശേഷം നടക്കുന്ന പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും മണ്ഡല പുനര്‍നിര്‍ണയം. അതേസമയം, 2026 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചിരിപ്പിക്കുകയുമാണ്.

2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവില്ല. 2029-ല്‍ യാഥാര്‍ഥ്യമായേക്കും. 15 വര്‍ഷത്തേക്കായിരിക്കും ഒരുസീറ്റ് വനിതാസംവരണമായി നിലനിര്‍ത്തുക. ഓരോ മണ്ഡല പുനര്‍നിര്‍ണയത്തിനുംശേഷം വനിതാസംവരണ സീറ്റുകള്‍ ചാക്രികാടിസ്ഥാനത്തില്‍ മാറും. ഇത് സംബന്ധിച്ച് 334-എ എന്ന അനുച്ഛേദം ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണം നിലവില്‍ വരുന്നതുവരെ സഭകളില്‍ നിലവിലുള്ള സംവരണരീതി തുടരുമെന്ന് ബില്‍ പറയുന്നു.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മുന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതിനാണ് ഭരണഘടനയുടെ 128-ാം ഭേദഗതി ബില്‍ കൊണ്ടുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button