ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പങ്കുവെച്ചിട്ടുണ്ട്.
ഇറാന് നേരെ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങള്‍ സ്ത്രീകളാണ് നിയന്ത്രിച്ചിരുന്നത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഐ.ഡി.എഫ്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ആരുടെയും മുഖം വ്യക്തമല്ല.
ഇസ്രയേലിനെതിരെ ഇറാന്‍ ഈ മാസം ആദ്യം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. സൈനികകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രിസിഷന്‍ ആക്രമണമാണ് ഇസ്രയേല്‍ ഇറാനെതിരെ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. തങ്ങള്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്.
വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാസയോഗ്യമായ കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വടക്കൻ ഗാസയിലും ഇസ്രായേൽ ആക്രമണം നടത്തിയത്.
ബെയ്ത് ലാഹിയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ അറിയിച്ചു. ബെയ്ത് ലാഹിയ പട്ടണത്തിൽ കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 73 പേർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗാസയിലെ പ്രധാന നഗരങ്ങളായ ജബാലിയ, ബെയ്ത് ഹനൗൺ, ബെയ്ത് ലാഹിയ പട്ടങ്ങളിൽ ഒരു മാസത്തോളമായി ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 800ലധികമാളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പ്രദേശത്ത് ഹമാസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. വടക്കൻ ഗാസയിൽ ശക്തമായ ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ആശുപത്രി ആക്രമിച്ചതായി ഗാസ മന്ത്രാലയം അറിയിച്ചു.
ഹമാസിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ബെയ്‌റൂട്ടിലെ ദഹിയ പ്രദേശത്തെ സായുധ സംഘത്തിൻ്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനിടെ ടെൽ അവീവിന് തെക്ക് ഇസ്രായേലിൻ്റെ വ്യോമതാവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
ഗാസയിൽ 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 42,847 പേർ കൊല്ലപ്പെടുകയും 100,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.
വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. വെള്ളിയാഴ്ച ആശുപത്രിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം പിടിക്കുകയും ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡസൻ കണക്കിന് ജീവനക്കാരെയും ചില രോഗികളെയും സൈന്യം തടവിലാക്കിയതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.