കൊച്ചി: മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിലായ മലപ്പുറം, തിരൂര്‍ സ്വദേശിനി അന്‍പു റോസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. സേലം വെള്ളയൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജയും ബന്ധുക്കളും ചേര്‍ന്ന് മൂന്നുവയസ്സുകാരനായ മകന്‍ റിയാനെ തട്ടിയെടുത്തെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അനാഥയായ ഹര്‍ജിക്കാരി തിരൂരില്‍ സഹോദരിയുടെ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരീ ഭര്‍ത്താവിന്റെ സുഹൃത്തായ വിജയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് സേലത്തെ അയാളുടെ വീട്ടിലേക്ക് പോയി. ഇതോടെ ഭര്‍ത്താവിന്റെ വീട്ടുകാരെ നോക്കേണ്ട ബാധ്യതയും തനിക്കായി.
ചെലവിനു പണമില്ലാതെ വന്നാല്‍ അവര്‍ തന്നെ ഉപദ്രവിക്കുന്ന സ്ഥിതിയുമായി. കുട്ടിയായതോടെ ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ബെംഗളൂരുവിലേക്ക് ജോലിക്കു പോയി. അവിടെ താന്‍ ജോലിക്കു പോയ സമയത്ത് ഒരു ദിവസം ഭര്‍ത്താവ് കുട്ടിയെ ഉപദ്രവിച്ചെന്നും സിഗരറ്റ് കൊണ്ടു പൊള്ളിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തുടര്‍ന്ന് കുട്ടിയുമായി ഏപ്രില്‍ 13-ന് സഹോദരിയുടെ തിരൂരിലെ വീട്ടിലേക്ക് ചെന്നു. അവിടെയെത്തിയ ഭര്‍ത്താവ് വിജയ് തന്നെ അപമാനിച്ചെന്നും സഹോദരിയുടെ ഭര്‍ത്താവ് കുട്ടിയെ തട്ടിയെടുത്ത് തന്നെ പുറത്താക്കി വാതിലടച്ചെന്നും ഹര്‍ജിക്കാരി പറയുന്നു. തിരൂര്‍ പോലീസിലും മലപ്പുറം എസ്.പി.ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്നാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെ ദുഃസ്ഥിതി അറിഞ്ഞ് ദിശ എന്ന സംഘടന ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ സേലം വെള്ളയൂരിലെത്തിയെങ്കിലും കുട്ടിയെ ഭര്‍തൃപിതാവ് മുംബൈയിലേക്ക് കടത്തിയെന്ന് അറിഞ്ഞെന്നും ഹര്‍ജിയില്‍ പറയുന്നു.