അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്നതോടെ പുരുഷന്റെ മൃതദേഹം കണ്ട് ഞെട്ടി യുവതി. ആന്ധപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. അജ്ഞാത മൃതദേഹത്തോടൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അനുഭവമുണ്ടായത്.
ഭവനിര്‍മാണത്തിനായി നാഗതുളസി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം തേടിയിരുന്നു. സഹായം അനുവദിക്കുന്നതിന്റെ ഭാഗമായി സമിതി ആദ്യം നാഗതുളസിയ്ക്ക് തറയില്‍ പാകുന്നതിനുള്ള ടൈല്‍ എത്തിച്ചിരുന്നു. വീണ്ടും സഹായം തേടിയ നാഗതുളസിയ്ക്ക് വീട്ടിലേക്കാവശ്യമായ വൈദ്യുതോപകരണങ്ങള്‍ നല്‍കാമെന്ന ഉറപ്പുനല്‍കി. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ എന്നിവ താമസിയാതെ എത്തിക്കുമെന്നുള്ള വാട്‌സാപ്പ് സന്ദേശവും ഇവര്‍ക്ക് ലഭിച്ചു.
വ്യാഴാഴ്ച രാത്രി പെട്ടിയുമായി നാഗതുളസിയുടെ വീട്ടിലെത്തിയ ആൾ പെട്ടിയില്‍ വൈദ്യുതോപകരണങ്ങളാണെന്ന് അറിയിച്ചു. പിന്നീട് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇതോടെ നാഗതുളസിയും കുടുംബവും പരിഭ്രാന്തരായി. ഉടനെതന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസെത്തി മൃതശരീരം പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെട്ടിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കത്തില്‍ ഒരു കോടി മുപ്പത് ലക്ഷം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പാഴ്‌സലിലെത്തിയ ആളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ക്ഷത്രിയ സേവ സമിതിയുടെ പ്രതിനിധികളേയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 45 വയസ്സ് പ്രയം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് 4-5 ദിവസം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. കാണാതായതായി പരാതി ലഭിച്ച വ്യക്തികളെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.