പരിയാരം: പ്രസവം കഴിഞ്ഞു അഞ്ചാം ദിവസം ഡോക്ടറായ യുവതി മരണമടഞ്ഞു. ചീമേനി കൊടക്കാട് സുസ്മിതത്തിലെ ഡോ.ആതിര പുരുഷോത്തമന്‍(26) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ആതിരയുടെ ഭര്‍ത്താവായ അര്‍ജുനനും ഡോക്ടറാണ്.
ഒരാഴ്ച മുമ്പ് കോഴിക്കോട്ട പ്രമുഖ ആശുപത്രിയില്‍ വെച്ചാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് കൊടക്കാട്ടെ വീട്ടിലെത്തിയത്.
തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ആതിര പെട്ടന്ന് ശ്വാസതടസ്സം നേരിടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആതിരയുടെ മരണത്തിനിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കൊടക്കാട്ടെ റിട്ട.എസ് ഐ പുരുഷോത്തമന്റെയും അധ്യാപികയായ ടി.എം.സുസ്മിതയുടെയും മകളാണ്. ഏക സഹോദരി അനശ്വര. ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.