KeralaNews

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം, കേസിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ബിന്ദുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഇന്നലെ കസ്റ്റംസിന് ബിന്ദുവിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം നോട്ടീസ് നൽകി വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്ന് നാലു ദിവസം മുൻപാണ് യുവതി വീട്ടിലെത്തിയത്.

രണ്ടു വർഷം മുൻപാണ് ബിന്ദുവും കുടുംബവും മാന്നാർ കൊരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ വീടിന് ചുറ്റും മതിൽ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. ബിന്ദു നാട്ടിലുള്ളപ്പോൾ സ്വപ്നാ സുരേഷിന്റെ സ്വർണക്കടത്ത് കേസിനെപ്പറ്റി അയൽക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വർണം കടത്താൻ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് അയൽക്കാർ പറയുന്നു. അങ്ങനെ ഒരാൾ ഇപ്പോൾ സ്വർണക്കടത്ത് നടത്തി എന്നറിഞ്ഞ ഞെട്ടലിലാണ് സമീപവാസികൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോഴായിരുന്നു ബിന്ദു വീട്ടിലെത്തിയിരുന്നത്. ഭർത്താവും അമ്മയും കൂടാതെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്.

അതേസമയം താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും ബിന്ദു ബിനോയ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.വിമാനത്തില്‍ കയറുമ്പോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആര്‍.ഐ സ്‌കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയതായും ഇവര്‍ പറഞ്ഞു. ദുബൈയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്‌സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്.ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലായതിന്റെ പശ്ചാത്തലത്തില്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് നെടുമ്പാശേരിയിലേക്ക്‌ കയറിയത്.

ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്റെ കയ്യില്‍ സ്വര്‍ണ്ണമില്ലെന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്‍ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്.നാലംഗ സംഘമായിരുന്നു വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് മര്‍ദിച്ചു. നെല്ലിയാമ്പതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചത്. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്റെ അംശമേയില്ല. തന്റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.

അഞ്ചംഗ കസ്റ്റംസ് പ്രിവന്റിവ് ഓഫിസര്‍മാര്‍ ഇന്നലെ ഉച്ചക്ക് രണ്ടിന് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് വീട്ടിലുമെത്തിയിരുന്നു. ആശുപത്രിയിലായതിനാല്‍ അവിടെ ചെന്ന് ബിന്ദുവിനോട് സംസാരിച്ച ശേഷം 3.30ഓടെ മടങ്ങിപ്പോവുകയും ചെയ്തു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പാലക്കാട് വടക്കഞ്ചേരിക്ക് സമീപം പിന്നീട് ഇവരെ ഉപേക്ഷിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker