15-നകം പ്രശ്നപരിഹാരമില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല; നിലപാട് കടുപ്പിച്ച് താരങ്ങൾ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിലപാട് കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ശനിയാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.

ജൂണ്‍ 15-നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ​ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്‍ ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്‍ രേിടുന്ന സംഘര്‍ഷം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇതിനിടെ വിനേഷ് ഫോഗട്ട്‌ ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടിൽ കണ്ടെന്നതരത്തിലുള്ള വാർത്തകളും വെള്ളിയാഴ്ച പരന്നു. വാർത്തകൾ നിഷേധിച്ച വിനേഷ് ഫോഗട്ട്‌, മസിൽപവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News