KeralaNews

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി സ്ത്രീയ്ക്ക്‌ പരിക്കേറ്റു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അട്ടപ്പാടി മേലെ ഭൂതയാറിൽ ആദിവാസി യുവതിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വീരയെ (48 ) ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വനമേഖലയ്ക്ക് സമീപം പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ആക്രമണം. മേലെ ഭൂതയാറിലേക്ക് ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായിരുന്നു. ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ എന്ന കാട്ടുകൊമ്പന്‍ തമിഴ്നാട് ആര്‍ടിസിയുടെ ബസ് ആക്രമിച്ചു. കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച്  ആന ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കി രക്ഷപ്പെടുകയായിരുന്നു. മൂന്നാർ – ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 9-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്.

വാഹനത്തിന് മുമ്പില്‍ അരമണിക്കൂറോളം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്.കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച പടയപ്പ വാഹനങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തകർത്തിരുന്നു.

മൂന്നാറിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താനും എഐ ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ച യോഗത്തിൽ തീരുമാനം. മൂന്നാറിലെ സംഭവം വയനാട്ടിലേതു പോലെ തന്നെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങൾക്ക് അതത് സമയങ്ങളിൽ വിവരങ്ങൾ നൽകുന്നതിനും പ്രദേശത്ത് കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മൂന്നാറിലെ മാലിന്യ സംസ്‌‍കരണം വേണ്ടവിധത്തിൽ നടപ്പാക്കുന്നതിനുമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.   ഈ സംഭവത്തെത്തുടർന്ന് നടത്തുന്ന സമരപരിപാടികൾ അവസാനിപ്പിക്കണമെന്നു മന്ത്രി അഭ്യർഥിച്ചു. 

മന്ത്രി റോഷി അഗസ്റ്റിൻ, വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ്, അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ഓഫിസർമാരായ പി. പുകഴേന്തി, പ്രമോദ് ജി കൃഷ്ണൻ, ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ, കലക്ടർ ഷീബാ ജോർജ്, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രസാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ മൂന്നാറില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാർഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം.

ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. 

ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും കാര്യമായ പരിക്കേറ്റിട്ടില്ല. പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏത് കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ച് വരികയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker