
ചെന്നൈ: ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
തനിക്ക് വിവാഹ മോചനം അനുവദിക്കാതിരുന്ന കീഴ്‌ക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ഭാര്യ തന്നോട് ക്രൂരത കാട്ടുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. പോണ്‍ വീഡിയോ കാണുന്നതിനും സ്വയം ഭോഗത്തിനും അഡിക്റ്റാണ് ഭാര്യയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്ന് കോടതി പറഞ്ഞു.
ഏതൊരു വ്യക്തിക്കുമുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണത്. വിവാഹത്തോടെ അത് പങ്കാളിക്കു മുന്നില്‍ അടിയറവു വയ്ക്കണം എന്ന് നിര്‍ബന്ധിക്കാനാകില്ല. അതുകൊണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.
പുരുഷന്മാര്‍ക്ക് ഇതൊക്കെയാകാം എന്ന് പറയുന്നവര്‍ എന്തുകൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇങ്ങനെ ചിന്തിക്കുന്നില്ല? ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പോണ്‍ വിഡിയോകള്‍ കാണുന്നത് തെറ്റാണെന്ന സദാചാരബോധം സമൂഹത്തിലുണ്ട്. പക്ഷേ നിയമപരമായി അത് തെറ്റാണെന്ന് വാദിക്കാനാകില്ല. വിവാഹത്തിന് ശേഷവും സ്ത്രീ തന്റെ വ്യക്തിയെന്ന നിലയില്‍ തന്റെ അടിസ്ഥാന സ്വത്വം നിലനിര്‍ത്തുന്നുണ്ടെന്നും കോടതി പറഞ്ഞു.