ഭാര്യ സ്ത്രീയല്ല! വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തന്റെ ഭാര്യ സ്ത്രീയല്ലെന്നു വാദിച്ചു യുവാവ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പ്രതികരണമറിയിക്കാന്‍ ഭാര്യയോടു സുപ്രീം കോടതി നിര്‍ദേശിച്ചു. താന്‍ വിവാഹം കഴിച്ചിരിക്കുന്ന വ്യക്തി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീയല്ലെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നുമായിരുന്നു മധ്യപ്രദേശില്‍നിന്നുള്ള യുവാവിന്റെ ആവശ്യം.
എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതിയില്‍നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീയല്ല എന്നു തെളിഞ്ഞിട്ടില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഇതിനെത്തുടര്‍ന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. യുവാവിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗളും എം.എം. സുന്ദ്രേഷും യുവതിയോട് ആവശ്യപ്പെട്ടു.
2016ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, ആര്‍ത്തവമാണെന്ന കാരണം പറഞ്ഞതിനാല്‍ കുറെ ദിവസത്തേക്കു കിടക്ക പങ്കിട്ടില്ല. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം താന്‍ ഭാര്യയുമായി ഇടപഴകിയപ്പോള്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞതായി ഹര്‍ജയില്‍ പറയുന്നു. യുവതിക്കു സാധാരണ സ്ത്രീകളുടേതു പോലെയുള്ള ലൈംഗികാവയവം ആയിരുന്നില്ല. ആ ഭാഗം പൂര്‍ണമായി അടഞ്ഞതായിരുന്നു. ആണ്‍കുട്ടികളുടേതിനു സമാനമായ ചെറിയ ലൈംഗികാവയവം പകരം ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതോടെ താന്‍ ഭാര്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. അവര്‍ക്ക് ”ഇംപെര്‍ഫോറേറ്റ് ഹൈമെന്‍” എന്ന ആരോഗ്യപ്രശ്‌നമുണ്ടെന്നായിരുന്നു രോഗനിര്‍ണയത്തില്‍ കണ്ടത്. കട്ടിയുള്ള കന്യാചര്‍മം യോനിയുടെ ദ്വാരം പൂര്‍ണമായും മറയ്ക്കുന്ന അവസ്ഥയാണ് ഇംപെര്‍ഫോറേറ്റ് കന്യാചര്‍മം. തന്റെ ഭാര്യയുടെ അവസ്ഥ ശസ്ത്രക്രിയയിലൂടെ ശരിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ഇതോടെ, വഞ്ചിക്കപ്പെട്ടതായി തോന്നി. മകളെ തിരികെ വിളിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് താന്‍ ഭാര്യാപിതാവിനെ വിളിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിന്നീടു ശസ്ത്രക്രിയയ്ക്കു വിധേയയായി. തുടര്‍ന്നു യുവതിയുമായി എത്തിയ പിതാവ് ഭീഷണി മുഴക്കി അവളെ തന്റെ വീട്ടില്‍ കയറ്റി താമസിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് യുവാവ് ആദ്യം പോലീസിനെയും പിന്നീട് കോടതിയെയും സമീപിച്ചത്.