ജയ്പുര്‍: കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരേ വിമര്‍ശനങ്ങള്‍ ശക്തം. ബൗളര്‍മാരെ ഉപയോഗിച്ച രീതിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ബാറ്റിങ്ങില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായിട്ടും 196 റണ്‍സെടുക്കാന്‍ രാജസ്ഥാനായിരുന്നു. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ അത് ജയിക്കാവുന്ന സ്‌കോര്‍ തന്നെയായിരുന്നു. എന്നിട്ടും അവിശ്വസനീയമായി ഗുജറാത്ത് വിജയം കണ്ടു.
പ്രധാന ബൗളറായ ട്രെന്‍ ബോള്‍ട്ട് നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നതാണ് പ്രധാന വിമര്‍ശനം. പവര്‍പ്ലേയില്‍ രണ്ട് ഓവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ടിന് പിന്നീട് സഞ്ജു പന്ത് നല്‍കിയില്ല. ഡെത്ത് ഓവറുകളില്‍ പോലും സഞ്ജു, ബോള്‍ട്ടിന്റെ സേവനം തേടിയില്ല. 19-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് സെന്‍ 20 റണ്‍സും 20-ാം ഓവര്‍ എറിഞ്ഞ ആവേശ് ഖാന്‍ 17 റണ്‍സും വഴങ്ങിയതോടെ രാജസ്ഥാന്‍ മത്സരം തോല്‍ക്കുകയായിരുന്നു.
മുന്‍ മത്സരങ്ങളില്‍ സഞ്ജു ഇന്ത്യന്‍ ബൗളര്‍മാരെ ഉപയോഗിച്ച് മത്സരം ജയിപ്പിച്ചെടുത്തിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ബോള്‍ട്ടിന് ഒരോവര്‍ ബാക്കിയുണ്ടായിരുന്നപ്പോഴും അവസാന ഓവര്‍ എറിയാന്‍ സഞ്ജു, ആവേശ് ഖാനെയാണ് പന്തേല്‍പ്പിച്ചത്. ആ മത്സരം രാജസ്ഥാന്‍ ജയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഗുജറാത്തിനെതിരേ അതൊന്നും ഫലംകണ്ടില്ല. ഇതോടെ മുന്‍ താരങ്ങളടക്കം ഇക്കാര്യത്തില്‍ സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.