ഹണി റോസിനെ പിന്തുണച്ചു, എന്തുകൊണ്ട് നടി കേസിലെ അതിജീവിതയെ പിന്തുണക്കുന്നില്ല? ആർ ശ്രീലേഖ തുറന്നുപറയുന്നു
കൊച്ചി:ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയത്തിൽ മുൻ ഡിജിപിയായിരുന്ന ആർ ശ്രീലേഖ നടിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം. എന്നാൽ വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനമാണ് അവർക്ക് നേരിടേണ്ടി വന്നത്. മുൻപ് നടി കേസിൽ പ്രതിയായ ദിലീപിനെ പിന്തുണച്ച് അവർ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കമന്റുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി കൊടുക്കുകയാണ് ശ്രീലേഖ. അവരുടെ വാക്കുകളിലേക്ക്
‘വസ്ത്രധാരണം എന്ന് പറയുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് നിയമപരമായിട്ടുള്ള കാര്യമാണ്. വസ്ത്രം ധരിക്കാതെയും ഒരാൾക്ക് നടക്കാം. എന്നാൽ മറ്റുള്ളവർക്ക് അതുകാരണം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ പോലീസിന് ഇടപെട്ട് അത് തടയാം എന്നല്ലാതെ അതിൽ കേസെടുക്കാനും ശിക്ഷിക്കാനുമുള്ള വകുപ്പ് ഇവിടെ ഇല്ല.
ഓരോരുത്തരുടെ വസ്ത്രധാരണത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ഓരോരുത്തർക്ക് ഉണ്ട്. നിങ്ങൾക്ക് അതിനെ വിമർശിച്ചൂട എന്ന് ആരും പറയുന്നില്ല. ഞാൻ ഹണി റോസിനെ കുറിച്ച് ചെയ്ത വീഡിയോക്ക് താഴെ മാത്രമല്ല ദിലീപ് വിഷയത്തിൽ ഉൾപ്പെടെ ചെയ്ത വീഡിയോകൾക്ക് താഴെ വളരെ അധികം നെഗറ്റീവ് ഉണ്ടായിരുന്നു. ദിലീപിന്റെ വീഡിയോയെ കുറിച്ച് ഇപ്പോഴും എനിക്ക് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. കാര്യങ്ങൾ മനസിലാക്കാതെയാണ് ഇതൊക്കെ.
എല്ലാവരും ചോദിക്കുന്നത് ഹണി റോസിനെ പിന്തുണച്ചിട്ടും എന്തുകൊണ്ട് നടി കേസിലെ അതിജീവിതയെ പിന്തുണയ്ക്കുന്നില്ലെന്നാണ്. ഞാൻ ആ കുട്ടിയെ പിന്തുണയ്ക്കാതിരുന്നിട്ടേയില്ല. എന്റെ വീഡിയോ കണ്ടാൽ എല്ലാവർക്കും അറിയാം ഞാൻ ആ പെൺകുട്ടിയെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്ന്. അതിന് നീതി കിട്ടണം, ഉപദ്രവിച്ചവർക്കെതിരായ ശിക്ഷ ഇത്രയും വൈകാൻ പാടില്ല എന്നാണഅ ഞാൻ പറഞ്ഞത്. ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ എനിക്ക് അങ്ങനെയെ ചിന്തിക്കാനാകൂ.
സ്വന്തം പ്രതിച്ഛായ കണ്ണാടിയിൽ കാണുമ്പോൾ അത് എങ്ങനെയാണ് എന്നത് അനുസരിച്ചുള്ള ഒരു പ്രതികരണമില്ലേ. ചിലർക്ക് തോന്നും ആ കുഴപ്പമില്ല, ചിലർ കരുതും പ്രശ്നമാണ്, ചിലർക്ക് അയ്യോ ചത്താമതിയെന്ന് തോന്നും. അതുപോലെയുള്ള പ്രതികരണമാണ് കമന്റിലൂടെ കാണുന്നത്. കമന്റ് വായിക്കുമ്പോൾ തന്നെ നമ്മുക്ക് അവരുടെ സ്വഭാവം എന്താണെന്ന് മനസിലാകും. എന്റെ ചാനലിൽ കൂടെ ഞാൻ പ്രതികരിക്കുന്നതിനെ വിമർശിക്കുമ്പോൾ എന്റെ വീട്ടിൽ വന്ന് എന്നെ വിമർശിക്കുന്നത് പോലെ എനിക്ക് തോന്നും.
ഹണി റോസിനെ കുറിച്ച് ചെയ്ത വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകൾ കൂടുതൽ വന്നപ്പോൾ പലരും എന്നെ വിളിച്ച് സമാധാനിപ്പിച്ചു, മാഡം വിഷമിക്കേണ്ട, ആളുകൾ ഇങ്ങനെയൊക്കെയാണെന്ന്. സത്യത്തിൽ എനിക്ക് വിഷമം ഒന്നും ഇല്ല. അത്തരം കമന്റുകളൊന്നും എന്നെ ബാധിക്കില്ല. ആ കമന്റുകളൊക്കെ നിങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നത്.
ദിലീപിന് കമ്പിളി കൊടുത്തില്ലേ ബോചെക്ക് എന്താ കമ്പിളി കൊടുക്കാത്തത് എന്നൊക്കെ പറയുമ്പോൾ ഞാൻ ജയിൽ ഡിജിപി ആയിരിക്കുമ്പോൾ ബോചെ ജയിലിൽ അതികഠിനമായ ആരോഗ്യപ്രശ്നം നേരിട്ടിരുന്നെങ്കിൽ, ശരീരം വിറക്കുന്നൊരു അവസ്ഥയൊക്കെ അനുഭവിച്ചിരുന്നെങ്കിൽ അയാൾക്കും ഞാൻ കമ്പിളി കൊടുത്തേനെ. അത് എന്റെ ദൗത്യമാണ്. എന്റെ ഉത്തരവാദിത്തം എന്നത് എന്റെ കീഴിൽ ഉള്ള പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്. അല്ലാതെ ഇടക്കിടെ പോയി അവരെ ഉപദ്രവികുകയെന്നതല്ല, അവർക്കുള്ള ശിക്ഷ കോടതി കൊടുക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്’, ശ്രീലേഖ പറഞ്ഞു.