മഞ്ഞച്ചരട് മാറ്റി, സ്വർണത്താലിമാല ധരിക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് കീർത്തി സുരേഷ്
കൊച്ചി:വിവാഹത്തിന് ശേഷം കീർത്തി സുരേഷ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലെല്ലാം വിവാഹ സമയത്ത് ആന്റണി കെട്ടിക്കൊടുത്ത മഞ്ഞച്ചരട് ധരിച്ചിരിക്കുന്നത് കാണാം. സ്റ്റൈലിഷ് വസ്ത്രങ്ങൾ അണിയുമ്പോൾ പോലും കീർത്തി മഞ്ഞച്ചരട് അഴിച്ച് വെച്ചിരുന്നില്ല. വിവാഹശേഷം പങ്കെടുത്ത പരിപാടികളിലെല്ലാം കീർത്തി മഞ്ഞച്ചരട് ധരിച്ചിരുന്നു.
എന്തുകൊണ്ടാണ് മഞ്ഞച്ചരട് മാറ്റി സ്വർണമാല ധരിക്കാത്തത് എന്ന് കീർത്തിയോട് പലരും ചോദിച്ചിരുന്നു. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് കീർത്തി. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇതേക്കുറിച്ച് പറയുന്നത്. വിവാഹത്തിന് കെട്ടുന്ന ഈ ചരട് വളരെ പവിത്രമാണെന്നും അത് ഉടനെ മാറ്റാൻ പാടില്ലെന്നു താരം പറഞ്ഞു.
നിശ്ചിത തീയതി വരെ ധരിക്കണമെന്നാണ് ആചാരമെന്നും പറഞ്ഞ കീർത്തി കുറച്ച് ദിവസം കഴിയുമ്പോൾ ഇത് സ്വർണമാലയിലേക്ക് മാറ്റാമെന്നും പറയുന്നുയ ചിലർക്ക് വിവാഹ ശേഷം ഒരു നല്ല മുഹൂർത്തം നോക്കി ഏഴ് അല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ മാറ്റാൻ കഴിയും. ഞങ്ങൾ ജനുവരി അവസാനത്തോടെയായിരിക്കും മാറ്റുക. അത്രയും ദിവസം ഞാൻ ഇത് ധരിക്കും കീർത്തി പറഞ്ഞു.
ചിലർ പറഞ്ഞു വേണമെങ്കിൽ മാറ്റാമെന്ന്. പക്ഷേ വളരെ പവിത്രമായിട്ടാണ് ഞാനിതിനെ കാണുന്നത്. മഞ്ഞൾ ചരട് അണിയുന്നത് ഭംഗിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത് മറ്റുള്ളവർ കാണുന്നതും എനിക്ക് സന്തോഷമാണ് കീർത്തി പറഞ്ഞു.
ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. നീണ്ട 15 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹം നടത്തിയിരുന്നു.
12ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കീർത്തി ആന്റണിയുമായി പ്രണയത്തിലാണ്. ആന്റണിക്ക് കീർത്തിയെക്കാൾ ഏഴ് വയസ്സ് കൂടുതലുണ്ട്. തങ്ങൾ കുടുംബ സുഹൃത്തുക്കളാണെന്നും ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് പരിചയപ്പെട്ടതെന്നും തങ്ങൾക്ക് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ടെന്നും കീർത്തി പറയുന്നു.
ചാറ്റിംഗിന് ശേഷം 2009 ഡിസംബർ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയതെന്നും ആന്റണിയുമായി അടുക്കാൻ ശ്രമിച്ചത് താൻ തന്നെയാണെന്നും കീർത്തി പറഞ്ഞു. ആദ്യമായി കണ്ടപ്പോൾ സംസാരിക്കാനുള്ള സാഹചര്യം ആയിരുന്നില്ലെന്നും തിരികെ പോകുമ്പോൾ ആന്റണിയെ നോക്കി താൻ കണ്ണിറുക്കിയെന്നും പിറ്റേദിവസം മാളിൽ വെച്ച് വീണ്ടും കണ്ടുവെന്നും അന്ന് തനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്നും ആന്റണി സുഹൃത്തുക്കൾക്കൊപ്പമാണ് വന്നതെന്നും അന്ന് കണ്ടുസംസാരിച്ചെന്നും താരം പറയുന്നു.
പിന്നീട് ധൈര്യമുണ്ടെങ്കിൽ തന്നെ പ്രൊപ്പോസ് ചെയ്യെന്ന് താൻ ആന്റണിയോട് പറഞ്ഞുവെന്നും ആ വർഷം ന്യൂയറിൽ ആന്റണി പ്രൊപ്പോസ് ചെയ്തു, താൻ യെസ് പറഞ്ഞെന്നും താരം പറയുന്നു.